രാംദേവിനും ബാലകൃഷ്ണക്കുമെതിരെ ജാമ്യമില്ലാ വാറന്റ്
text_fieldsബാബാ രാംദേവ്, ആചാര്യ
ബാലകൃഷ്ണ
പാലക്കാട്: ഔഷധപരസ്യ നിയമം ലംഘിച്ചതിന് യോഗാചാര്യൻ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണക്കും ജാമ്യമില്ലാ വാറന്റ്. കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് ശനിയാഴ്ച കേസ് പരിഗണിച്ച പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന ഫലസിദ്ധി വാഗ്ദാനംചെയ്ത് ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ്(ഒബ്ജക്ഷനബ്ൾ അഡ്വൈടൈസ്മെന്റ്) ആക്ട് 1954 സെക്ഷൻ 3(ഡി) ലംഘിച്ചതുമായി ബന്ധപ്പെട്ട് പാലക്കാട് ഡ്രഗ്സ് ഇൻസ്പെക്ടർ ഫയൽ ചെയ്ത കേസിലാണ് കോടതി നടപടി.
കേസിൽ ജനുവരി 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ ബാബാ രാംദേവിനും ബാലകൃഷ്ണക്കും സമൻസ് അയച്ചിരുന്നു. ഹാജരാകാതിരുന്നതിനെ തുടർന്ന് ഫെബ്രുവരി ഒന്നിന് ഹാജരായി ജാമ്യമെടുക്കാൻ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 വാറന്റ് പുറപ്പെടുവിച്ചു. എന്നിട്ടും ഹാജരാകാതിരുന്നതിനാലാണ് പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഫെബ്രുവരി 15ന് ഇതേ കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ൾ അഡ്വൈടൈസ്മെന്റ്) ആക്ട് 1954 സെക്ഷൻ 3 (ഡി) പ്രകാരം ചട്ടത്തിൽ ഉൾപ്പെടുത്തിയ അസുഖങ്ങൾക്ക് മരുന്നുകൾ നിർദേശിച്ചും ഫലസിദ്ധി വാഗ്ദാനംചെയ്തും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചതിനാണ് പതഞ്ജലി ഗ്രൂപ്പിന്റെ നിർമാണ യൂനിറ്റായ ദിവ്യ ഫാർമസി, ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റിന്റെ പ്രസിഡന്റ് ബാബാ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണ എന്നിവരെ പ്രതികളാക്കി കേസെടുത്തത്.
തെറ്റിദ്ധാരണജനകമായ ഔഷധപരസ്യം നൽകിയതിന് പതഞ്ജലി ഗ്രൂപ്പിനെതിരെ രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 13 കേസുകളാണ്. ഇതിൽ 12 കേസുകളും കേരളത്തിലെ വിവിധ ജില്ലകളിലെ ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്തവയാണ്. കോഴിക്കോട്-4, കൊച്ചി-4, പാലക്കാട്-3, തിരുവനന്തപുരം-1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കേസുകൾ.ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബു പ്രധാനമന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിദ്വാർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും കേസുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.