കൈയിൽ മകുടിയുമായി പാമ്പാട്ടുന്ന മോദി; കാർട്ടൂൻ പ്രസിദ്ധീകരിച്ച നോർവീജിയൻ പത്രത്തിനെതിരെ വിമർശനം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് കാർട്ടൂൻ പ്രസിദ്ധീകരിച്ച നോർവീജിയൻ പത്രത്തിനെതിരെ വിമർശനം. ‘ആഫ്റ്റൻ പോസ്റ്റൻ’ എന്ന പത്രത്തിനെതിരെയാണ് വ്യാപക വിമർശനം ഉയരുന്നത്.
‘ബുദ്ധിമാൻ, എന്നാൽ അൽപ്പം അലോസരപ്പെടുത്തുന്ന ഒരാൾ’ എന്ന തലക്കെട്ടിലാണ് കാർട്ടൂൺ പങ്കുവെച്ചിരിക്കുന്നത്. കാർട്ടൂണിൽ മോദിയുടെ കൈയിൽ മകുടി കാണാം. അത് ഊതുന്ന മോദിയാണ് ചിത്രത്തിലുള്ളത്. മോദിയുടെ മുന്നിലായി പാമ്പിന്റെ രൂപത്തിലുള്ള ഇന്ധനപൈപ്പും കാണാനാകും. മോദിയുടെ നോർവേ സന്ദർശനത്തിനെ കുറിച്ചെഴുതിയ ലേഖനത്തിനൊപ്പമാണ് കാർട്ടൂൺ നൽകിയിരിക്കുന്നത്.
നോർവേയിൽ മോദി നടത്തിയ പത്രസമ്മേളനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് കാർട്ടൂൺ വിവാദം. യൂറോപ്പ് സന്ദർശനത്തിനിടെ നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിനൊപ്പം മോദി എത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് എന്തുകൊണ്ടാണെന്ന് നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ്ക് ചോദിച്ചിരുന്നു. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ച അവർ, എന്തുകൊണ്ടാണ് പരസ്യമായ പത്രസമ്മേളനങ്ങളിൽ പ്രധാനമന്ത്രി ചോദ്യങ്ങളെ നേരിടാത്തതെന്താണെന്നും ചോദിക്കുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രി ചോദ്യത്തിന് മറുപടി നൽകാതെ നടന്ന് അകലുകയായിരുന്നു. ഇതിന്റെ വിഡിയോ അവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിവാദമായിരുന്നു.
കാർട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. വംശീയ അധിക്ഷേപമാണെന്നാണ് ഉയരുന്ന ആരോപണം. ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും സമൂഹമാധ്യമ ഉപഭോക്താക്കൾ പറയുന്നു. 2022ൽ ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയുമായി ബന്ധപ്പെട്ട വാർത്തകളിൽ ഒരു സ്പാനിഷ് പത്രം പാമ്പാട്ടികളുടെ ചിത്രം ഉപയോഗിച്ചിരുന്നു. സമാനമായ പ്രതിഷേധം അന്നും ഉയർന്നുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

