വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തീപൊള്ളലേറ്റത് ഭേദമായാലും വാക്കുകൾകൊണ്ടുള്ള മുറിവുണങ്ങില്ലെന്ന് സുപ്രീംകോടതി. വിദ്വേഷപ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അധ്യക്ഷനായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിഭാഗത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ ശര്‍മിഷ്ഠ പനോളിയെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിൽ പരാതിക്കാരനായ വജാഹത്ത് ഖാനെതിരെ 2023ൽ നടത്തിയ പരാമർശത്തിന്റെ പേരിൽ പശ്ചിമ ബംഗാൾ, ഡൽഹി, ഹരിയാന, അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനെതിരെ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ശര്‍മിഷ്ഠ പനോളിക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതെന്നും തന്റെ പരാമർശങ്ങളിൽ വജാഹത്ത് ഖാൻ നേരത്തേ മാപ്പ് പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
കലാപാഹ്വാനം എല്ലായ്‌പ്പോഴും നേരിട്ടാകണമെന്നില്ല. വാക്കുകളിലൂടെയും അതുണ്ടാകാം. ഇതിനൊന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമുണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിൽ പശ്ചിമ ബംഗാൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വജാഹത്തിനെ മറ്റു സംസ്ഥാനങ്ങളിലെ കേസുകളിൽ അറസ്റ്റുചെയ്യുന്നത് കോടതി തടഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.