ഡൽഹിയിലെ വോട്ടർ പട്ടിക പുതുക്കൽ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മുൻ സൈനിക മേധാവി, സിബിഐ ഡയറക്ടർ തുടങ്ങിയവർക്കും നോട്ടീസ്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മുൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, സിബിഐ ഡയറക്ടർ പ്രവീൺ സൂദ് തുടങ്ങിയ പ്രമുഖർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് അയച്ചു. മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായി, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉൾപ്പെടെയുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും നോട്ടീസ് ലഭിച്ചവരുടെ പട്ടികയിലുണ്ട്
മുമ്പ് 2002ൽ നടന്ന വോട്ടർ പട്ടിക പുതുക്കലിലെ രേഖകളുമായി നിലവിലെ വിവരങ്ങൾ ബന്ധിപ്പിക്കാൻ (ലിങ്ക് ചെയ്യാൻ) കഴിയാത്തവരെയാണ് ‘അൺമാപ്പ്ഡ് വിത്ത് ലാസ്റ്റ് എസ്ഐആർ’എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും അദ്ദേഹത്തിന്റെ ഭാര്യയും ഈ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
സിബിഐ ഡയറക്ടർ പ്രവീൺ സൂദ്, അദ്ദേഹത്തിന്റെ കുടുംബം, മുൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായി, ഭർത്താവ് പ്രകാശ് ദേശായി, മകനും അഭിഭാഷകനുമായ മൈക്ക് ദേശായി, മരുമകൾ സാക്ഷി ദേശായി എന്നിവരും ഈ വിഭാഗത്തിലാണ്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ അജയ് കുമാർ സൂദ്, ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ എന്നിവരും നോട്ടീസ് ലഭിച്ച ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. ഫിഷറീസ് സെക്രട്ടറി അഭിലാഷ് ലിഖി, അദ്ദേഹത്തിന്റെ ഭാര്യയും പൂർവ്വ സൈനിക ക്ഷേമ സെക്രട്ടറിയുമായ സുകൃതി ലിഖി, ഫെർട്ടിലൈസർ സെക്രട്ടറി രജത് കുമാർ മിശ്ര, ലാൻഡ് റിസോഴ്സസ് സെക്രട്ടറി നരേന്ദ്ര ഭൂഷൺ എന്നിവരെയും ഈ വിഭാഗത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്
മനീഷ് സിസോദിയക്ക് നൽകിയ നോട്ടീസിൽ പ്രത്യേക കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ സീമാ സിസോദിയക്ക് സ്വന്തം പേരിൽ വ്യത്യാസമുള്ളതിനാലും, മകൻ മീർ സിസോദിയക്ക് മാതാപിതാക്കളുടെ പേരിൽ വ്യത്യാസമുള്ളതിനാലും നോട്ടീസ് ലഭിച്ചു. ഇവർക്ക് നോട്ടീസ് നൽകിയ വിവരം കുടുംബം അറിഞ്ഞിരുന്നില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
എക്സ്പെൻഡിച്ചർ സെക്രട്ടറി വുംലുൻമാങ് വുവാൽനാം വിവരങ്ങളിലെ വൈരുധ്യം മൂലമാണ് നോട്ടീസ് ലഭിച്ചവരുടെ പട്ടികയിലുള്ളത്
കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കെ. സഞ്ജയ് മൂർത്തിക്ക് മാതാപിതാക്കളുടെ പേരിൽ വ്യത്യാസമുള്ളതിനാലാണ് നോട്ടീസ് അയച്ചിട്ടുള്ളത്. മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ, ഭാര്യ സുനിത കെജ്രിവാൾ, പിതാവ് ഗോവിന്ദ് റാം കെജ്രിവാൾ, മാതാവ് ഗീതാ ദേവി, 25 വയസ്സുകാരനായ മകൻ പുൽകിത് കെജ്രിവാൾ എന്നിവർക്കും ‘അൺമാപ്പ്ഡ് വിത്ത് ലാസ്റ്റ് എസ്ഐആർ’വിഭാഗത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ന്യൂഡൽഹി മണ്ഡലത്തിലെ അസംബ്ലി കോൺസ്റ്റിറ്റ്യുവൻസി 40ലെ 110 വോട്ടർമാരുടെ കൂട്ടത്തിലാണ് ഇവർ ഉൾപ്പെട്ടത്. മുമ്പ് മറ്റ് സംസ്ഥാനങ്ങളിൽ നടന്ന വോട്ടർ പട്ടിക പുതുക്കലുമായി ലിങ്ക് ചെയ്യുന്നതിന് ആവശ്യമായ പൂർണ വിവരങ്ങൾ ഇവർ നൽകിയ എൻറോൾമെന്റ് ഫോമിൽ ഇല്ലായിരുന്നുവെന്നാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ വ്യക്തമാക്കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

