അസമിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെപ്പ്; ഒരു മരണം
text_fieldsഅസം ഗോൾപാറ പൈകാൻ റിസർവ് വനത്തിലെ വീടുകൾ പൊളിച്ചുമാറ്റൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ പുരോഗമിക്കുമ്പോൾ കണ്ടുനിൽക്കുന്ന ഗ്രാമവാസികൾ
ഗോൾപാറ (അസം): അസമിലെ ഗോൾപാറയിലുള്ള പൈകൻ റിസർവ് വനത്തിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിനുപിന്നാലെയുണ്ടായ പൊലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വനഭൂമിയിലെ അനധികൃത കുടിയേറ്റക്കാർ വടിയും കല്ലുമായി ഫോറസ്റ്റ്ഗാർഡുമാരെയും പൊലീസിനെയും ആക്രമിച്ചുവെന്നാണ് ജില്ല പൊലീസ് കമീഷണർ പറയുന്നത്.
സ്ഥലം ബന്തവസ്സിലാക്കാൻ പോയ സുരക്ഷ ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. 135 ഹെക്ടറിലെ ഒഴിപ്പിക്കൽ ആയിരത്തിലധികം കുടുംബത്തെ ബാധിച്ചിട്ടുണ്ട്. ഇവരിലധികവും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ്. ഭാവിയിൽ കുടിയേറ്റം നടക്കാതിരിക്കാൻ പ്രദേശത്ത് വലിയ കിടങ്ങുണ്ടാക്കാനായിരുന്നു ഫോറസ്റ്റ് അധികൃതരുടെ പദ്ധതി. കഴിഞ്ഞ ദിവസം ഇതിന്റെ പണി തുടങ്ങിയിരുന്നു. എന്നാൽ, വ്യാഴാഴ്ച വീണ്ടും പണി തുടങ്ങിയപ്പോൾ ജനം എതിർക്കുകയും സംഘർഷമുണ്ടാവുകയും ചെയ്തു. തുടർന്ന് പൊലീസ് വെടിവെപ്പ് നടത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പൂർണമായും പൊലീസിന് അനുകൂലമായാണ് സംസാരിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ കേസെടുക്കുമെന്നും ഇവരെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ പൂർത്തിയായെന്നും വനം പുനരുജ്ജീവിപ്പിക്കാൻ ഇവിടെ ഉടൻ മരങ്ങൾ നടുമെന്നും അദ്ദേഹം തുടർന്നു.
കഴിഞ്ഞ ദിവസം ഒഴിപ്പിക്കൽ പൂർത്തിയായതിനുശേഷം എന്തിനാണ് സംഘർഷമുണ്ടായതെന്ന കാര്യം വ്യക്തമല്ലെന്ന് കമീഷണർ പറഞ്ഞു. മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരും ആക്രമണത്തിൽ പങ്കെടുത്തതായി അദ്ദേഹം ആരോപിച്ചു. സംഘർഷത്തിനുപിന്നാലെ പ്രദേശത്തെ സ്കൂളിലെ ഫർണിച്ചറിന് തീയിട്ടെങ്കിലും പെട്ടെന്ന് അണക്കാനായി. വിവിധ യുവജന-വിദ്യാർഥി സംഘടനകൾ പൈകനിൽ തമ്പടിച്ചിരുന്നു. എന്നാൽ, അവർ സംഘർഷ പ്രദേശത്തേക്ക് പോകുന്നത് തടഞ്ഞു. സംഘർഷ പ്രദേശത്തിന് രണ്ടു കിലോമീറ്റർ അപ്പുറത്തുതന്നെ ബാരിക്കേഡുകൾ വെച്ചു. ഇവിടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജും നടത്തി. സ്ഥലത്തേക്ക് മാധ്യമങ്ങളെയും പ്രവേശിപ്പിച്ചില്ല.
കുടിയൊഴിപ്പിക്കപ്പെട്ടവർ പ്രദേശത്തുതന്നെ താർപ്പായ വലിച്ചുകെട്ടി കഴിയുന്നതായാണ് റിപ്പോർട്ട്. എവിടെയും പോകാൻ ഇടമില്ലാത്ത അതിദരിദ്രരാണിവർ. ഇവരിൽ പലരും കുടിയൊഴിഞ്ഞ് പോകാൻ തയാറായിരുന്നെന്നും ഇതിനായി അധികൃതരോട് കൂടുതൽ സമയം ചോദിച്ചിരുന്നെന്നും പ്രാദേശിക വിദ്യാർഥി സംഘടന നേതാവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.