ഉപയോഗത്താലുള്ള വഖഫ് ഏപ്രിൽ എട്ടിനുള്ളിൽ രജിസ്റ്റർ ചെയ്തവ മാത്രം - കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഈ വർഷം ഏപ്രിൽ എട്ടിനുള്ളിൽ രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കൾ മാത്രമേ ‘ഉപയോഗത്തിലൂടെയുള്ള വഖഫ്’ (വഖഫ് ബൈ യൂസർ) ആയി കണക്കാക്കൂ എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. വഖഫ് ബോർഡ് ഒരു മതേതര സ്ഥാപനമാണെന്നും മുസ്‍ലിംകളുടെ മാത്രം സ്ഥാപനമല്ലെന്നും വഖഫ് കേസിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. പാർലമെന്റ് പാസാക്കിയ നിയമം സ്റ്റേ ചെയ്യാൻ കോടതിക്ക് അധികാരമില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു.
വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ പുതിയ കാര്യമല്ലെന്നും 1954ലെയും 1995ലെയും നിയമത്തിലുള്ളതാണെന്നും സത്യവാങ്മൂലത്തിലുണ്ട്. ഹിന്ദു എൻഡോവ്മെന്റ് ട്രസ്റ്റുകളോട് താരതമ്യം ചെയ്യാവുന്ന തരത്തിൽ അത് പോലെ മതപരമല്ല വഖഫ് ബോർഡുകൾ എന്നും അത് കുറെ കൂടി വിശാലമാണെന്നും സർക്കാർ തുടർന്നു. വഖഫ് കൗൺസിലിൽ നാലും ബോർഡിൽ മൂന്നും അമുസ്‍ലിംകൾ മാത്രമേ പരമാവധി ഉണ്ടാകൂ.
സുപ്രീംകോടതിയുടെ രോഷം ക്ഷണിച്ചുവരുത്തിയ 2 എ വകുപ്പ് കേവലം വിശദീകരണമായി എടുത്താൽ മതിയെന്നും കോടതിവിധികളെ മറികടക്കില്ലെന്നുമുള്ള വാദമാണ് സർക്കാർ മുന്നോട്ടുവെച്ചത്. ട്രസ്റ്റായി രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കൾ വഖഫ് നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കാൻ കൊണ്ടുവന്ന ഈ വകുപ്പ് ഇതുവരെയുള്ള എല്ലാ കോടതി വിധികളെയും ദുർബലപ്പെടുത്തുമെന്ന് എഴുതിവെച്ചതാണ് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചിരുന്നത്.
മെയ് അഞ്ചിന് സുപ്രീംകോടതി കേസിൽ വാദം കേൾക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.