മേവാത്തിൽ പ്രഫ. സിദ്ദീഖ് ഹസന്റെ സ്വപ്നസാക്ഷാത്കാരം; ‘വിഷൻ അക്കാദമിക് സിറ്റി’ നാടിന് സമർപ്പിക്കുന്നു
text_fieldsഹരിയാനയിലെ മേവാത്തിൽ ‘വിഷൻ അക്കാദമിക് സിറ്റി’യുടെ ഭാഗമായുള്ള വനിതാ കോളജ്
ന്യൂഡൽഹി: രാജ്യമൊട്ടുക്കും പടർന്നുപന്തലിച്ച ‘വിഷൻ’ പദ്ധതികൾക്ക് ബീജാവാപം നൽകിയ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്റെ സ്വപ്ന സാക്ഷാൽക്കാരമായി ഉത്തരേന്ത്യൻ വിദ്യാർഥികൾക്കായുള്ള ‘മികവിന്റെ കേന്ദ്രം’ വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിൽക്കുന്ന ഹരിയാനയിലെ മേവാത്തിൽ യാഥാർഥ്യമാകുന്നു. അന്തരിച്ച സിദ്ദീഖ് ഹസനൊപ്പം പദ്ധതി യാഥാർഥ്യമാക്കാൻ യത്നിച്ച വ്യവസായ പ്രമുഖൻ ഗൾഫാർ മുഹമ്മദലി, റിട്ട. ഐ.പി.എസ് ഓഫിസർ മൻസൂർ അഹ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് മേവാത്ത് ‘വിഷൻ അക്കാദമിക് സിറ്റി’ ശനിയാഴ്ച നാടിന് സമർപ്പിക്കുന്നത്.
വിദ്യാഭ്യാസപരമായി രാജ്യത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന മേവാത്തിൽ തന്നെയാവണം ഉത്തരേന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിന് വിഷൻ വിഭാവനം ചെയ്യുന്ന കാമ്പസ് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2008 പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് പ്രഫ. സിദ്ദീഖ് ഹസൻ തുടക്കമിട്ടത്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ഈ തീരുമാനം.
ഇന്ത്യയിൽ തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശമെന്ന് 2018-ലെ നീതി ആയോഗ് റിപ്പോർട്ടിലും മേവാത്ത് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ആ തീരുമാനം ശരിയായിരുന്നുവെന്ന് വീണ്ടും തെളിഞ്ഞു. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥിനികൾ അടക്കം ഇതിനകം പ്രവേശനം നേടി പ്രവർത്തന സജ്ജമായ നിലയിലാണ് ‘വിഷൻ അക്കാദമിക് സിറ്റി’ ഉദ്ഘാടനം ചെയ്യുന്നത്.
മേവാത്തിന്റെ ആഘോഷമായി മാറുന്ന ചടങ്ങിൽ നൂഹ് എം.എൽ.എ ചൗധരി അഫ്താബ് അഹ്മദ്, ഫിറോസ്പൂർ ഝിർക എം.എൽ.എ എഞ്ചിനീയർ മാമ്മൻ ഖാൻ, റിട്ട. ഐ.എ.എസ് ഓഫിസർമാരായ സിറാജ് ഹുസൈൻ, മഖ്ബൂൽ അഹ്മദ് അനാർവാല, പ്രഫസർ സാറ ബീഗം (ജാമിഅ മില്ലിയ ഇസ്‍ലാമിയ), പ്രഫ. ഖ്വാജ എം. റാഫി (ഡയരക്ടർ മേവാത്ത് എഞ്ചിനീയറിങ് കോളജ്), ഡോ. ഐജാസ് അഹ്മദ് (പ്രിൻസിപ്പാൾ, യാസീൻ മിയോ ഡിഗ്രി കോളജ്), നൂഹ് ജില്ലാ വിദ്യാഭ്യാസ ഓഫിസർ സഗീർ അഹ്മദ്, വിദ്യാഭ്യാസ പ്രവർത്തകൻ എസ്. അമീനുൽ ഹസൻ, റിഷിൻ റഷീദ് തുടങ്ങിയവർ സംബന്ധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.