773 പേർ നാടണഞ്ഞു; സംഘത്തിൽ മലയാളിയും
text_fieldsഇറാനിൽ എം.ബി.ബി.എസ് വിദ്യാർഥിയായ ഫാദില പിതാവിനൊപ്പം ഡൽഹി വിമാനത്താവളത്തിൽ
ന്യൂഡൽഹി: ഇസ്രായേലുമായുള്ള സംഘർഷം മൂർച്ഛിച്ചതിന് പിന്നാലെ ഓപറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള നാലാമത്തെ വിമാനവും ശനിയാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെത്തി. ഇറാനിൽ എം.ബി.ബി.എസ് വിദ്യാർഥിനിയായ മലപ്പുറം മുടിക്കോട് സ്വദേശി ഫാദില ഉൾപ്പെടെ 256 പേരാണ് രണ്ട് വിമാനങ്ങളിലായി ശനിയാഴ്ച ഡൽഹിയിൽ എത്തിയത്. ഇതോടെ തിരിച്ചെത്തിയവരുടെ എണ്ണം 773 ആയി.
തെഹ്റാൻ ശാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് ഫാദില. സർവകലാശാലയിൽനിന്ന് മാഷാദ് വിമാനത്താവളത്തിലേക്ക് ബസ് മാർഗം എത്തിച്ച ശേഷം ഇറാന്റെ മഹാൻ എയർലൈൻസിലാണ് ഫാദില അടക്കമുള്ള സംഘം ഡൽഹിയിൽ എത്തിയത്. ഡ്രോണുകളുടെയും മിസൈലുകൾ വന്നു പതിക്കുന്നതിന്റെയും ശബ്ദം ഹോസ്റ്റലിൽനിന്ന് കേട്ടുവെന്ന് ഫാദില ‘മാധ്യമ’ത്തോട് പറഞ്ഞു. ഫാദിലയെ കൂട്ടാൻ പിതാവ് മുഹമ്മദ് കച്ചക്കാരനും ഡൽഹിയിൽ എത്തിയിരുന്നു. ഇവർ ശനിയാഴ്ച രാത്രി നാട്ടിലേക്ക് തിരിച്ചു.
കെർമാനിൽനിന്നുള്ള 11 മലയാളി വിദ്യാർഥികൾ മാഷാദിലേക്ക് തിരിച്ചിട്ടുണ്ട്. ഇവർ ഞായറാഴ്ചയോടെ ഡൽഹിയിൽ എത്തുമെന്നാണ് വിവരം. ഇറാൻ തങ്ങളുടെ വ്യോമമേഖല ഇന്ത്യക്ക് തുറന്നുകൊടുത്തതോടെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സുഗമമായിട്ടുണ്ട്. അയൽരാജ്യങ്ങളിലേക്ക് കടക്കാതെ ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികൾക്ക് ഇറാനിൽനിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാനുള്ള വഴിയൊരുങ്ങി. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇറാനിൽ ആകെയുള്ള 4,000 ഇന്ത്യക്കാരിൽ പകുതിയും വിദ്യാർഥികളാണ്.
ഇറാനിലെ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കുമെന്ന് എംബസി
തെഹ്റാൻ: യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലെ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി. ഇറാനിലെ ഇന്ത്യക്കാർ ടെലിഗ്രാം ചാനൽ വഴിയോ +989010144557, +989128109115, +989128109109 എന്നീ നമ്പറുകൾ വഴിയോ എംബസിയെ ബന്ധപ്പെടണം.
നേപ്പാൾ, ശ്രീലങ്ക സർക്കാറുകളുടെ അഭ്യർഥന പ്രകാരം അവിടങ്ങളിൽനിന്നുള്ള പൗരന്മാരെയും ഇന്ത്യൻ എംബസി ഒഴിപ്പിക്കും. ഇവരും എംബസിയുമായി ബന്ധപ്പെടണം. ഇറാനിലെ ശ്രീലങ്കൻ പൗരന്മാർ രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ തെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് കൊളംബോയിലെ ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
ഇറാനിൽനിന്നുള്ള ശ്രീലങ്കക്കാരെ ഒഴിപ്പിക്കാൻ ശ്രീലങ്കൻ സർക്കാർ ഇന്ത്യൻ സർക്കാറുമായി ചേർന്ന് ക്രമീകരണങ്ങൾ ചെയ്തതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇറാനിൽ 100ൽ താഴെ ശ്രീലങ്കൻ പൗരന്മാരേയുള്ളൂ. അതേസമയം, ഏകദേശം 20,000 പേർ ഇസ്രായേലിൽ ജോലി ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.