ഓപറേഷൻ സിന്ദൂർ: പ്രത്യേക പാർലമെന്റ് സമ്മേളനം വേണമെന്ന് ഇൻഡ്യ സഖ്യം
text_fieldsഇൻഡ്യ സഖ്യത്തിന്റെ യോഗത്തിനു ശേഷം തൃണമൂൽ നേതാവ് ഡെറക് ഒബ്രിയാൻ മാധ്യമങ്ങളെ കാണുന്നു
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറും തുടർന്നുണ്ടായ സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് ഇൻഡ്യ സഖ്യം കത്തെഴുതി. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിലാണ് കത്തയക്കാൻ തീരുമാനിച്ചത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ശിവസേന (യു.ബി.ടി) നേതാവ് അരവിന്ദ് സാവന്ത്, ഡി.എം.കെയുടെ ടി.ആർ. ബാലു തുടങ്ങിയ 16 പേരാണ് കത്തിൽ ഒപ്പുവെച്ചത്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസുമായി അകന്ന ആം ആദ്മി പാർട്ടി ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.
പാർലമെന്റ് സമ്മേളനം വേണമെന്ന ആവശ്യം ഉന്നയിച്ച് ഇരു സഭകളിലെയും പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട കത്തും സർക്കാറിന് നൽകും. പഹൽഗാം ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച, ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം, പൂഞ്ച്, ഉറി, രജൗറി എന്നിവിടങ്ങളിലെ മരണം, ദേശീയ സുരക്ഷയിലും വിദേശനയത്തിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടും.
സർക്കാർ മറ്റു രാജ്യങ്ങളിലേക്ക് സർവകക്ഷി സംഘത്തെ അയച്ച് കാര്യങ്ങൾ വിശദീകരിക്കുന്നുവെന്നും രാജ്യത്തെ രാഷ്ട്രീയ പാർട്ടികളോടും ജനങ്ങളോടും കാര്യങ്ങൾ വിശദീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ഇൻഡ്യ മുന്നണി യോഗത്തിനുശേഷം തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രോൺ വാർത്തസമ്മേളനത്തിൽ ചോദിച്ചു. സർക്കാർ പാർലമെന്റിനോടും പാർലമെന്റ് ജനങ്ങളോടും ഉത്തരവാദിത്തമുള്ളവരാണ്. അതുകൊണ്ടാണ് പ്രത്യേക സമ്മേളനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.