‘ഇന്ത്യ ജയിക്കും’ മുദ്രാവാക്യവുമായി പ്രതിപക്ഷ സഖ്യം; ‘ഇന്ത്യ’യെ വിമർശിച്ച് ബി.ജെ.പി
text_fields
ജീതേഗ ഭാരത് എന്നത്
പ്രാദേശിക ഭാഷകളിലേക്ക്
മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് അങ്കംകുറിച്ച് പ്രതിപക്ഷം രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യം പുതിയ മുദ്രാവാക്യവും പുറത്തിറക്കി. ‘ജീതേഗ ഭാരത്’ (ഇന്ത്യ വിജയിക്കും) എന്ന ഹിന്ദി ഭാഷയിലുള്ളതാണ് സഖ്യത്തിന്‍റെ മുദ്രാവാക്യം.
കഴിഞ്ഞ ദിവസം രാത്രി വൈകി നടത്തിയ ചർച്ചകൾക്കുശേഷമാണ് മുദ്രാവാക്യം സംബന്ധിച്ച അന്തിമതീരുമാനം എടുത്തത്. ജീതേഗ ഭാരത് എന്നത് പ്രാദേശിക ഭാഷകളിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.
ബി.ജെ.പി നയിക്കുന്ന സഖ്യത്തിനെതിരെ 26 പാർട്ടികളാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബംഗളൂരുവിൽ യോഗം ചേർന്ന് ‘ഇന്ത്യൻ നാഷനൽ ഡെവലപ്മെന്‍റൽ ഇൻക്ലൂസിവ് അലയൻസ്’ (ഇന്ത്യ) എന്ന പുതിയ സഖ്യത്തിന്‍റെ പിറവി വിളംബരം ചെയ്തത്.
അതേസമയം, സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേരിട്ടതിനെ വിമർശിച്ച് ബി.ജെ.പി നേതാക്കൾ രംഗത്തുവന്നു. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിമർശനം.
കൊളോണിയല്‍ ചിന്താഗതിയില്‍നിന്ന് മോചിതരാകണം. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഹിമന്ദ ബിശ്വ ശർമ ട്വിറ്റർ ബയോയിൽ ‘അസം മുഖ്യമന്ത്രി, ഇന്ത്യ’ എന്നാണുണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തുവന്നതോടെ അദ്ദേഹം ‘അസം മുഖ്യമന്ത്രി, ഭാരത്’ എന്നാക്കി തിരുത്തി.
കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ത സ്വന്തം ബോസിനോട് പറഞ്ഞാല്‍ മതിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
മോദി വിവിധ സർക്കാർ പദ്ധതികള്‍ക്ക് ഇന്ത്യ എന്ന പേര് നല്‍കുന്നു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഇന്ത്യക്കുവേണ്ടി വോട്ട് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പില്‍ മോദി ആവശ്യപ്പെട്ടത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ പങ്കുവെച്ചായിരുന്നു ജയ്റാം രമേശിന്‍റെ വിമർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.