രാജ്യസഭയിൽ ഓപറേഷൻ സിന്ദൂർ ചർച്ച: മറുപടി പറയാൻ മോദി വന്നില്ല, അമിത് ഷായെ ബഹിഷ്കരിച്ച് പ്രതിപക്ഷം
text_fieldsരാജ്യസഭയിൽ ചർച്ചക്ക് മറുപടി പറയുന്ന അമിത് ഷാ
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ ചർച്ചയിൽ മറുപടി പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. രണ്ടു ദിവസം നീണ്ട ചർച്ചയുടെ അവസാനം, ബുധനാഴ്ച വൈകീട്ട് അമിത് ഷാ മറുപടി പ്രസംഗം ആരംഭിച്ചപ്പോൾ പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചു. ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് 16 മണിക്കൂർ ചർച്ചക്ക് ശേഷം പ്രധാനമന്ത്രി മോദി സഭയെ അഭിസംബോധന ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉപാധ്യക്ഷനോട് പറഞ്ഞു. അമിത് ഷാക്ക് മറുപടി നൽകാൻ കഴിവില്ലെന്ന് പറയുന്നില്ല. പക്ഷേ, പ്രധാനമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് സഭയോടും രാജ്യസഭ അംഗങ്ങളോടും ചെയ്യുന്ന അനാദരവാണ്. പ്രധാനമന്ത്രി മറുപടി പറയേണ്ട നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.
എന്നാൽ, ഭരണപക്ഷത്തുനിന്ന് ആരാണ് സംസാരിക്കേണ്ടതെന്ന് സർക്കാറാണ് തീരുമാനിക്കലെന്നായിരുന്നു അമിത് ഷായുടെ മറുപടി. പ്രസംഗം തുടർന്നതോടെ, പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ചൊവ്വാഴ്ച ഉച്ച മുതലാണ് രാജ്യസഭയിൽ ഓപറേഷൻ സിന്ദൂർ ചർച്ച തുടങ്ങിയത്.
പഹൽഗാം ഭീകരാക്രമണം നടത്തിയവരെ ഇല്ലാതാക്കിയ ഓപറേഷന് മഹാദേവ് എന്ന പേര് നൽകിയത് മതം നോക്കിയല്ലെന്നും മുഗളന്മാർക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടിയ ശിവാജി ഉപയോഗിച്ച യുദ്ധ മുദ്രാവാക്യമാണെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ നിരവധി ഭീകര സംഘടനകളെ നിരോധിച്ചു. കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ നിരവധി ഭീകരരെ വിട്ടയക്കുകയാണുണ്ടായതെന്നും മറുപടി പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞു. പഹൽഗാമിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെയും കേന്ദ്ര ഇന്റലിജൻസിന്റെയും വീഴ്ച വളരെ വ്യക്തമാണെന്നും എന്നാൽ, ഇന്നുവരെ അതിന്റെ ഉത്തരവാദിത്തം ഒരു കേന്ദ്രമന്ത്രിയും ഒരു ഉദ്യോഗസ്ഥനും ഏറ്റെടുത്തില്ലെന്നും ചർച്ചയിൽ പങ്കെടുത്ത് ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.