ബി.ജെ.പിയിലും ഭിന്നസ്വരം: സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആശങ്കകൾ ന്യായം, നിസ്സാരവൽക്കരിക്കരുതെന്ന് മുരളി മനോഹർ ജോഷി
text_fieldsമുരളി മനോഹർ ജോഷി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടയിൽ, ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്നും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വ്യത്യസ്ത അഭിപ്രായം പുറത്തുവരുന്നു. പാർട്ടിയിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷിയാണ് പരീക്ഷാ സംവിധാനത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആശങ്കകൾ തികച്ചും ന്യായമാണെന്നും, ഡൽഹിയിലെ തെരുവുകളിൽ അവർ നടത്തുന്ന സമരം ഏറെ വേദനാജനകമാണെന്നുമാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ നീണ്ട ദിവസങ്ങളായി ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുരളി മനോഹർ ജോഷി ചൂണ്ടിക്കാണിച്ചു. എക്സ് പേജിലൂടെയായിരുന്നു മുതിർന്ന നേതാവിന്റെ നിർണായക പ്രതികരണം. നിലവിലുള്ള പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉന്നയിക്കുന്ന ആശങ്കകളും അവർ നേരിടുന്ന ആശയക്കുഴപ്പങ്ങളും യാഥാർത്ഥ്യബോധമുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവസമൂഹം ഉന്നയിക്കുന്ന പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കുകയോ അവഗണിക്കുകയോ ചെയ്യരുതെന്നും, അതുകൊണ്ടുതന്നെ ഈ വിഷയത്തെ ഏറെ സഹാനുഭൂതിയോടെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും മുരളി മനോഹർ ജോഷി കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ ഭരണപക്ഷത്തുനിന്ന് തന്നെ ഇത്തരമൊരു തുറന്ന നിലപാട് പുറത്തുവന്നിരിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആവശ്യങ്ങൾ ന്യായമാണെന്ന മുതിർന്ന നേതാവിന്റെ പ്രസ്താവന സർക്കാരിന്മേലുള്ള സമ്മർദ്ദം വൻതോതിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്.
പ്രശ്നപരിഹാരത്തിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമാവുകയാണ്. വിഷയം കൂടുതൽ രാഷ്ട്രീയ ചർച്ചകളിലേക്ക് വഴിമാറുന്നതിനിടെ, വിദ്യാർഥികളുമായി അനുരഞ്ജന ചർച്ചകൾ നടത്തി പ്രശ്നം ഉടൻ പരിഹരിക്കണമെന്ന മുറവിളിയും ശക്തമായി ഉയരുന്നുണ്ട്.
അതേസമയം, വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും, ഒദ്യോഗിക വസതിയിലോ ഓഫിസിലോ വെച്ച് മാത്രമേ ചർച്ച നടക്കൂ എന്ന ജെ.പി. നദ്ദയുടെ നിലപാട് സംഘടന അംഗീകരിച്ചിരുന്നില്ല. ചർച്ചകൾ ജന്തർ മന്തറിലോ അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് പോലെയുള്ള നിഷ്പക്ഷ സ്ഥലങ്ങളിലോ മാത്രമേ നടക്കൂ എന്ന് സി.ജെ.പി വ്യക്തമാക്കുകയായിരുന്നു. തുടർന്ന്, ജൂലൈ 20ലെ കൂടിക്കാഴ്ചക്ക് ശേഷം സർക്കാറിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

