സൗജന്യ താമസമൊരുക്കി ഹോം സ്റ്റേ ഉടമകൾ, യാത്രയുമായി ഓട്ടോറിക്ഷകൾ; ടൂറിസ്റ്റുകളെ ചേർത്തുനിർത്തി കശ്മീരികൾ
text_fieldsശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരിലെത്തി വിനോദസഞ്ചാരികളെ ചേർത്തുനിർത്തി കശ്മീരികൾ. വിനോദസഞ്ചാരികൾക്ക് സൗജന്യ താമസവും യാത്രയും ഒരുക്കിയാണ് കശ്മീരികൾ ഇവരെ ചേർത്തുനിർത്തിയത്.
ശ്രീനഗറിലെ ലാല രുക് സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് വിനോദസഞ്ചാരികൾക്ക് സൗജന്യയാത്ര ഒരുക്കിയത്. ഇത് ടുറിസ്റ്റുകൾക്കെതിരായ ആക്രമണം മാത്രമല്ല. ഇത് കശ്മീരിന്റെ ആത്മാവിനെതിരായ ആക്രമണമാണെന്ന് ശ്രീനഗറിലെ ഓട്ടോ ഡ്രൈവറായ ബിലാൽ അഹമദ് പറഞ്ഞു. അവർ ഞങ്ങളുടെ അതിഥികളായാണ് എത്തിയത്. ഇപ്പോൾ ഭയത്തോടെയാണ് മടങ്ങുന്നത്. ഇത് ഞങ്ങളുടെ ഹൃദയം തകർക്കുകയാണെന്നും ബിലാൽ കൂട്ടിച്ചേർത്തു.
ബിലാലിന് പിന്തുണയുമായി നിരവധി പേരാണ് ഓട്ടോറിക്ഷയിൽ സൗജന്യയാത്രയുമായി രംഗത്തെത്തിയത്. ഭീകരാക്രമണം മൂലം ജമ്മുകശ്മീരിൽ കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾക്ക് സൗജന്യ താമസമാണ് ഡോ.ഇർഫാൻ ഉൽ ഷമാസ് ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഫോൺ നമ്പർ പങ്കുവെച്ചാണ് ജമ്മുകശ്മീരിൽ കുടുങ്ങിയവർക്ക് തന്റെ ഹോട്ടലിലും ഹോംസ്റ്റേയിലും സൗജന്യ താമസം ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചത്.
പഹൽഗാമിലെ ബൈസരൺ വാലിയിൽ ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകൾക്ക് നേരെ പൈൻ മരങ്ങൾക്കിടയിൽ നിന്നിറങ്ങിവന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. 29 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.