സ്വന്തം ജീവൻ പണയംവെച്ച് ടൂറിസ്റ്റ് ഗൈഡ് രക്ഷിച്ചത് നാല് പേരെ; അനുഭവം വിവരിച്ച് ബി.ജെ.പി പ്രവർത്തകൻ
text_fieldsപഹൽഗാം: സ്വന്തം ജീവൻ പണയംവെച്ച് പഹൽഗാമിലെ ടൂറിസ്റ്റ് ഗൈഡ് രക്ഷിച്ചത് നാല് പേരെ. പ്രാദേശിക ഗൈഡായ നസ്കാത് അഹമ്മദ് ഷായാണ് നാല് പേരെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷിച്ചത്. ഇതിൽ ഒരു ബി.ജെ.പി പ്രവർത്തകന്റെ ഭാര്യയും കുട്ടിയും ഉൾപ്പെടും. ബി.ജെ.പി യുവജന സംഘടനാ പ്രവർത്തകൻ അരവിന്ദ് അഗർവാളാണ് അഹമ്മദ് ഷാ രക്ഷകനായതിനെ കുറിച്ച് പ്രതികരിച്ചത്.
എന്നാൽ, ആക്രമണത്തിൽ നസ്കാത് അഹമ്മദ് ഷാക്ക് ബന്ധുവിന്റെ ജീവൻ നഷ്ടമായിരുന്നു. ആക്രമണമുണ്ടായപ്പോൾ നസ്കാത്ത് തന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെങ്കിലും ഭാര്യ പൂജയും നാല് വയസുള്ള മകളും ദൂരെയായിരുന്നു.
വെടിവെപ്പ് തുടങ്ങിയപ്പോൾ തന്നെ നസ്കാത്ത് എല്ലാവരോടും നിലത്ത് കിടക്കാൻ ആവശ്യപ്പെട്ടു. പിന്നീട് എന്റെ മകളേയും സുഹൃത്തിന്റെ മകനേയും നെഞ്ചോട് ചേർത്ത് പിടിച്ച് കിടന്നു. പിന്നീട് എന്നേയും മകളേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അതിന് ശേഷം തന്റെ ഭാര്യയേയും മറ്റുള്ളവരേയും രക്ഷിക്കാനായി ഇറങ്ങി പുറപ്പെട്ടുവെന്നും അഗർവാൾ പറഞ്ഞു.
സിപ് ലൈനിന് സമീപമാണ് വെടിവെപ്പുണ്ടായതെന്ന് നസ്കാത്ത് പ്രതികരിച്ചു. ഉടൻ തന്നെ എല്ലാവരോടും താഴെ കിടക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അപ്പോഴാണ് അഗർവാളിന്റെ ഭാര്യ മറ്റൊരു ദിശയിലേക്ക് ഓടിയതായി മനസിലാക്കിയത്. ഒടുവിൽ അവരെ തിരഞ്ഞ് പോവുകയും കണ്ടെത്തുകയും ചെയ്തു. കാറിൽ അവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയപ്പോഴാണ് തന്റെ ബന്ധുവായ സയ്യിദ് അദിൽ ഹുസൈൻ ഷാ ഭീകരാക്രമണത്തിൽ മരിച്ചുവെന്ന് മനസിലാക്കിയത്.
ടൂറിസമില്ലാതെ ഞങ്ങൾക്ക് ഇവിടെ ഒരു ജീവിതമില്ല. അതിലൂടെയാണ് ഞങ്ങൾ ഉപജീവനം നടത്തുന്നത്. ഞങ്ങളുടെ ഹൃദയത്തിലാണ് കഴിഞ്ഞ ദിവസത്തെ ആക്രമണമുണ്ടായത്. അതുകൊണ്ടാണ് കടകളടച്ച് പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.