പഹൽഗാം മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ട സംഭവം; എൻ.ഐ.എ അന്വേഷണം തുടങ്ങി
text_fieldsശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് കരുതപ്പെടുന്നയാളും രണ്ട് കൂട്ടാളികളും ശ്രീനഗറിന് സമീപം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ എൻ.ഐ.എ അന്വേഷണം തുടങ്ങി. മൂന്ന് ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി എൻ.ഐ.എ സംഘം ചൊവ്വാഴ്ച പുലർച്ചെ പൊലീസ് കൺട്രോൾ റൂമിലെത്തി.
ഏപ്രിൽ 22ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് കരുതപ്പെടുന്ന സുലൈമാൻ എന്ന ആസിഫിനെയും രണ്ട് കൂട്ടാളികളെയും തിങ്കളാഴ്ച ഡച്ചിഗാം ദേശീയോദ്യാനത്തിനടുത്തുള്ള ഹർവാൻ പ്രദേശത്തെ മുൾനാറിൽ നടന്ന ഏറ്റുമുട്ടലിലാണ് കമാൻഡോകൾ വെടിവെച്ചു കൊന്നത്.
‘ഓപറേഷൻ മഹാദേവ്’ പേരിലായിരുന്നു സൈന്യത്തിന്റെ നീക്കങ്ങൾ. കഴിഞ്ഞ വർഷം സോനാമാർഗ് ടണൽ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ജിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് തീവ്രവാദികൾ. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് ഒരു എം4 കാർബൈൻ റൈഫിൾ, രണ്ട് എ.കെ റൈഫിളുകൾ, മറ്റ് ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു. അതേസമയം, പ്രദേശത്ത് മറ്റൊരു കൂട്ടം തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടപടി തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.