പഹൽഗാം തിരിച്ചടി: ആക്രമണരീതിയും സമയവും ലക്ഷ്യവും സേന തീരുമാനിക്കും; പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെതിരെ കൈക്കൊള്ളേണ്ട സൈനിക നടപടി സംബന്ധിച്ച് സായുധസേനക്ക് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനാ മേധാവികളെ വസതിയിലേക്ക് വിളിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ആക്രമണരീതിയും സമയവും ലക്ഷ്യവും സൈന്യത്തിന് തീരുമാനിക്കാം. ഭീകരതയെ ഞെരിച്ചമർത്തണമെന്നാണ് ഇന്ത്യയുടെ തീരുമാനമെന്നും മോദി സേനാ മേധാവികളോട് പറഞ്ഞു. സൈന്യത്തിൽ മോദി പൂർണ വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു.
രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായി വിളിച്ച യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ, മൂന്ന് സേനാ മേധാവികൾ എന്നിവർ പങ്കെടുത്തു. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരാനിരിക്കെയായിരുന്നു ചൊവ്വാഴ്ചത്തെ സേനാ മേധാവികളുടെ യോഗം.
അതേസമയം തിരിച്ചടി പ്രതീക്ഷിച്ച് പാകിസ്താൻ സേനാ വിന്യാസം നടത്തുകയും റഡാറുകൾ സജ്ജമാക്കുകയും ചെയ്യുന്നതായി അതിർത്തിയിൽനിന്ന് റിപ്പോർട്ടുകളുണ്ട്.
ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷക്കുള്ള മന്ത്രിസഭാ സമിതിയാണ് 1960ലെ സിന്ധു നദീ ജല കരാർ നടപ്പാക്കുന്നത് നിർത്തിവെക്കാനും എല്ലാ പാക് പൗരന്മാരും ഇന്ത്യ വിട്ടുപോകാനും നിർദേശം നൽകിയത്.
പാകിസ്താനാകട്ടെ ഇതിന് പ്രതികരണമായി ഷിംല കരാർ റദ്ദാക്കുകയും ഇന്ത്യൻ പൗരന്മാരെ പാകിസ്താനിൽനിന്ന് പുറത്താക്കുകയും ചെയ്തതിന് പുറമെ വ്യോമാതിർത്തിയും അടച്ചു. ഇതിനുശേഷം സൈനിക നടപടിയുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും ഇന്ത്യയുടെ ഭാഗത്തുനിന്ന് തുടർ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല.
അർധസേനാ മേധാവികളുടെ യോഗം വിളിച്ച് അമിത് ഷാ
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ അർധസൈനിക വിഭാഗങ്ങളുടെ തലവന്മാരും മുതിർന്ന ഓഫിസർമാരും പങ്കെടുത്തു. ബി.എസ്.എഫ് ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരി, എൻ.എസ്.ജി ഡയറക്ടർ ജനറൽ ഭൃഗു ശ്രീനിവാസൻ, അസം റൈഫിൾസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ വികാസ് ലഖേഡ, എസ്.എസ്.ബി അഡീഷനൽ ഡയറക്ടർ ജനറൽ അനുപമ നിലേകർ ചന്ദ്ര എന്നിവരാണ് പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.