'മുസ്ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകരുത്; വേണ്ടത് സമാധാനവും നീതിയും'-പഹൽഗാമിൽ കൊല്ലപ്പെട്ട വിനയ് നർവാളിന്‍റെ ഭാര്യ
text_fieldsഹിമാൻഷി നർവാൾ
ചണ്ഡീഗഡ്; പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ സാമുദായിക ഐക്യത്തിന് ആഹ്വാനം ചെയ്ത് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവൽ ഓഫിസർ വിനയ് നാർവാളിന്‍റെ ഭാര്യ ഹിമാൻഷി നർവാൾ. വിനയ് നർവാളിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഹരിയാനയിലെ കർണാലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഹിമാൻഷി.
'എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുളളത് ഇതാണ്. മുസ്ലിംകൾക്കും കശ്മീരികൾക്കും എതിരെ ആളുകൾ പോകുന്നത് അനുവദിക്കാൻ പാടില്ല... നമുക്ക് വേണ്ടത് സമാധാനമാണ്... സമാധാനം മാത്രം... തീർച്ചയായും നമുക്ക് നീതിയും വേണം..'- എന്നാണ് ഹിമാൻഷി പറഞ്ഞത്.
ഏപ്രിൽ 16നായിരുന്നു കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തെ ഉദ്യോഗസ്ഥനായിരുന്ന വിനയ് നർവാലിന്‍റെയും ഹിമാൻഷിയുടെയും വിവാഹം നടന്നത്. യൂറോപ്പിൽ മധുവിധു ആഘോഷിക്കാനാണ് നർവാലും ഹിമാൻഷിയും പദ്ധതിയിട്ടിരുന്നത്. എന്നാൽ, വിസ പ്രശ്നങ്ങൾ കാരണം പിന്നീട് ഒഴിവാക്കുകയായിരുന്നു. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്ത് 19നാണ് നവദമ്പതികൾ കശ്മീരിലേക്ക് പോകുന്നത്.
പഹൽഗാമിലെ ബൈസരൻ വാലിയിൽ മധുവിധു ആഘോഷങ്ങൾക്കിടെയാണ് ഭീകരർ പ്രിയതമയുടെ മുമ്പിൽ വെച്ച് വിനയിനെ വെടിവെച്ച് വീഴ്ത്തിയത്. ബൈസരൻ പുൽമേട്ടിൽ മരിച്ചു കിടക്കുന്ന പ്രിയതമന്‍റെ സമീപത്ത് നിസ്സഹയതോടെ ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ഹൃദയഭേദകമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.