കളി നിയമം മാറ്റി ഇന്ത്യ; എന്തൊക്കെ സംഭവിച്ചാലും സിന്ധു ജല കരാറിൽ ഇന്ത്യ തൊടില്ലെന്ന പാക് ധാരണ മാറി
text_fieldsന്യൂഡൽഹി: സിന്ധു നദീജല കരാറിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിലൂടെ പാകിസ്താനുള്ള തിരിച്ചടിയിൽ കളി നിയമം മാറ്റി ഇന്ത്യ. പാകിസ്താനുമായുള്ള ബന്ധം മുറിച്ചുമാറ്റുന്നതിന്റെ ആദ്യപടിയായി കൈക്കൊണ്ട സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം ഇന്ത്യയുടെ ജലയുദ്ധമായി പാകിസ്താൻ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്.
പാകിസ്താന്റെ സമ്പദ്ഘടനയുടെ അടിത്തറ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സിന്ധു നദിയിലൂടെ പാകിസ്താനിലേക്ക് എത്തേണ്ട വെള്ളം തടഞ്ഞുള്ള നടപടിയെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങൾ ‘മാധ്യമ’ത്തോടു പറഞ്ഞു. ഇത് ഹ്രസ്വകാലത്തേക്കുള്ള തിരിച്ചടിയല്ല, ദീർഘകാലത്തേക്കുള്ളതാണ്. എന്തൊക്കെ സംഭവിച്ചാലും സിന്ധു ജല കരാറിൽ ഇന്ത്യ തൊടില്ലെന്ന ഒരു ധാരണ ഏറെക്കാലമായി പാകിസ്താനുണ്ടായിരുന്നു. 1965ലെയും 1971ലെയും യുദ്ധങ്ങളും കാർഗിൽ, മുംബൈ ആക്രമണവുമൊന്നും ജല കരാറിനെ ബാധിച്ചിരുന്നില്ല.
ഇന്ത്യ ഒരിക്കലും പുനഃപരിശോധിക്കാത്ത വിശുദ്ധ കരാറായിട്ടായിരുന്നു ഇതിനെ കണ്ടിരുന്നത്. ആ ധാരണയാണ് ഇപ്പോൾ തിരുത്തിയത്. ഇനി ഈ കരാറിന്റെ ഭാഗമായിരിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല.
പിൻവാങ്ങാനാകാത്ത കരാർ; താൽക്കാലികമായ നിർത്തൽ
ഇരു രാജ്യങ്ങൾക്കും പിൻവാങ്ങാനാവാത്തതാണ് സിന്ധു നദീജല കരാർ. ഒരു കാരണവശാലും കരാറിൽനിന്ന് പിൻവാങ്ങരുതെന്ന കർശനമായ വ്യവസ്ഥ ഇരു രാജ്യങ്ങളും 1961ൽ അംഗീകരിച്ചതാണ്. അതിനാൽ ‘പിൻവാങ്ങൽ’ എന്ന വാക്ക് ഉപയോഗിക്കാതെ താൽക്കാലികമായ നിർത്തിവെക്കൽ ആണ് ചെയ്യുന്നത് എന്ന സാങ്കേതികമായ വാദമാണ് ഇന്ത്യ മുന്നോട്ടുവെച്ചിരിക്കുന്നത്. കരാറിൽനിന്ന് പിൻവാങ്ങൽ പാടില്ല എന്നത് താൽക്കാലികമായി കരാറിന്റെ ഭാഗമാകുന്നില്ല എന്ന് പറയാൻ തടസ്സമല്ല എന്നാണ് ഇന്ത്യയുടെ സാങ്കേതികമായ ഈ വാദം. കരാറിനൊന്നും സംഭവിച്ചിട്ടില്ല. അത് റദ്ദാക്കിയിട്ടില്ല. അതവിടെത്തന്നെയുണ്ട്. പിൻവാങ്ങരുത് എന്നാണ് കരാറിലുള്ളത്. താൽക്കാലികമായി കരാർ നടപ്പാക്കരുത് എന്നില്ല എന്നാണ് ഇന്ത്യയുടെ വാദം.
നെഹ്റുവും അയ്യൂബ് ഖാനും ഒപ്പിട്ട കരാർ
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ പ്രസിഡന്റ് ഫീൽഡ് മാർഷൽ മുഹമ്മദ് അയ്യൂബ് ഖാനും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം സത്ലജ്, ബിയസ്, രവി എന്നീ കിഴക്കൻ നദികളിലെ വെള്ളം ഇന്ത്യക്കും സിന്ധു, ഝലം, ചെനാബ് എന്നീ പടിഞ്ഞാറൻ നദികളിൽനിന്നുള്ള വെള്ളത്തിൽനിന്ന് ഒരു പങ്ക് പാകിസ്താനും ഉപയോഗിക്കാം. പടിഞ്ഞാറൻ നദികളിൽ ജലവൈദ്യുതി പദ്ധതികൾ ഉണ്ടാക്കാൻ ഇന്ത്യക്ക് അനുമതി നൽകുന്ന കരാർ ഇത്തരം പദ്ധതികളുടെ രൂപകൽപനയുമായി ബന്ധപ്പെട്ട എതിർപ്പുകൾ ഉന്നയിക്കാൻ പാകിസ്താന് അവകാശം നൽകുന്നുണ്ട്. കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കമീഷണർമാർ ചുരുങ്ങിയത് വർഷത്തിലൊരിക്കൽ യോഗം ചേരണം. കരാറിലെ വ്യവസ്ഥകൾ ഇരു രാജ്യങ്ങൾക്കും സംയുക്തമായി മാറ്റാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.