വ്യോമയാന സുരക്ഷ പരിശോധിക്കാൻ പാർലമെന്ററി സമിതി; ഡി.ജി.സി.എ, എയർ ഇന്ത്യ, ബോയിങ് പ്രതിനിധികളെ വിളിപ്പിച്ചേക്കും
text_fieldsന്യൂഡൽഹി: സമീപകാലത്തുണ്ടായ വിമാനാപകടങ്ങളും വ്യോമയാന മേഖലയിലെ ജീവനക്കാരുടെ കുറവുമടക്കമുള്ള വിഷയങ്ങൾ പരിശോധിക്കാൻ പാർലമെന്ററി ഗതാഗതസമിതി. ജെ.ഡി.യു എം.പി സഞ്ജയ് ഝാ അധ്യക്ഷനായ സമിതി ജൂൺ 23ന് യോഗം ചേരും. അഹ്മദാബാദ് വിമാനദുരന്തത്തിനും ഉത്തരഖണ്ഡ് ഹെലികോപ്ടർ അപകടത്തിനും പിന്നാലെയാണ് വിഷയം പരിശോധിക്കാൻ പാർലമെൻറ് സമിതി തീരുമാനിച്ചത്.
അപകടങ്ങൾക്ക് പിന്നാലെ, വിഷയത്തിൽ സമഗ്രമായ അവലോകനം വേണമെന്ന് എം.പിമാർ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങളാരായുന്നതിന്റെ ഭാഗമായി ഡി.ജി.സി.എ, എയർ ഇന്ത്യ, ബോയിങ് എന്നിവയുടെ പ്രതിനിധികളെ സമിതി വിളിപ്പിച്ചേക്കും. വ്യോമയാന മേഖലയിലെ വിദഗ്ധരെയും അപകടത്തിൽപെട്ടവരുടെ കുടുംബാംഗങ്ങളെയും സമിതി കേൾക്കും.
രാജ്യത്തെ വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഗണ്യമായ കുറവുള്ളതായി സമിതി നേരത്തേ വിലയിരുത്തിയിരുന്നു. ഡി.ജി.സി.എയിൽ അനുവദിച്ച തസ്തികകളിൽ 48 ശതമാനവും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ (ബി.സി.എ.എസ്) 37 ശതമാനവും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഉന്നത സമിതി റിപ്പോർട്ട് മൂന്നുമാസത്തിനകം -കേന്ദ്രമന്ത്രി
പുണെ/മുംബൈ: എയർ ഇന്ത്യ വിമാന അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൽ.
എയർ ഇന്ത്യ 34, ബോയിങ് 787-8 ഡ്രീംലൈനറാണ് സർവിസ് നടത്തുന്നത്. ഇതിൽ 12 എണ്ണത്തിന്റെ സുരക്ഷ പരിശോധന പൂർത്തിയായി. ഇവയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ബ്ലാക്ക് ബോക്സ് പരിശോധിച്ചാൽ അപകടത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബോയിങ് വാണിജ്യവിഭാഗം തലവൻ സ്റ്റെഫാനി പോപെ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനെ സന്ദർശിച്ചു. ചർച്ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. ഇതേക്കുറിച്ച് പ്രതികരിക്കാൻ ബോയിങ് തയാറായില്ല.
അഹ്മദാബാദ് വിമാനാപകടം: 162 പേരെ തിരിച്ചറിഞ്ഞു
അഹ്മദാബാദ്/മുംബൈ: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ 162 പേരെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്നും ചൊവ്വാഴ്ച വൈകീട്ട് വരെ 120 മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറിയെന്നും ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സങ്‍വി അറിയിച്ചു. മറ്റു മൃതദേഹങ്ങളും ഉടൻ കൈമാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരിൽ 250 പേരുടെ ഉറ്റവരുടെ ഡി.എൻ.എ സാമ്പിളുകളാണ് തിരിച്ചറിയാൻ ശേഖരിച്ചത്.
പല ശരീരഭാഗങ്ങളും ഡി.എൻ.എ ശേഖരിക്കാൻ സാധിക്കാത്ത അവസ്ഥയിലായതിനാലാണ് ഡി.എൻ.എ പരിശോധന സങ്കീർണമാകുന്നത്. 72 മണിക്കൂറിനകം ഡി.എൻ.എ പരിശോധന പൂർത്തിയാക്കാമെന്നായിരുന്നു നേരത്തേ അധികൃതർ പറഞ്ഞത്. അപകടത്തിൽ 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അതേസമയം, വിമാനത്തിന്റെ മുഖ്യ പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ (56) സംസ്കാര ചടങ്ങുകൾ മുംബൈയിൽ നടന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം പൊവായിലെ വീട്ടിൽ എത്തിച്ചത്. സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.