പാട്ടാളി മക്കൾ കക്ഷിയിൽ അച്ഛനും മകനും ഏറ്റുമുട്ടലിൽ, പാർട്ടി പിളർപ്പിലേക്ക്
text_fieldsഡോ. എസ്. രാമദാസും മകൻ ഡോ. അൻപുമണിയും
ചെന്നൈ: ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ) ഘടകകക്ഷിയായിരുന്ന പാട്ടാളി മക്കൾ കക്ഷി(പി.എം.കെ)യിൽ സ്ഥാപക പ്രസിഡന്റ് ഡോ.എസ്. രാമദാസും മകനും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. അൻപുമണി രാമദാസും തമ്മിലുള്ള ഭിന്നത രൂക്ഷം.
പാർട്ടി പ്രസിഡന്റ് എന്ന നിലയിലായിരുന്നു അൻപുമണി പ്രവർത്തിച്ചിരുന്നത്. ഈ നിലയിലാണ് ഡോ. രാമദാസ് പൊടുന്നനെ അൻപുമണിയെ വർക്കിങ് പ്രസിഡന്റായി തരംതാഴ്ത്തിയത്. ഇതിന് പുറമെ മറ്റു ചില കുടുംബാംഗങ്ങളെ സംഘടനയിലെ മുഖ്യ പദവികളിലും അവരോധിച്ചു.
നിലവിൽ ഇരുവരും അവരവരുടെ ശക്തികേന്ദ്രങ്ങളിൽ വെവ്വേറെ സമ്മേളനങ്ങൾ സംഘടിപ്പിച്ചുവരുകയാണ്. ഇരുനേതാക്കളും പരസ്പരം ഭാരവാഹികളെ പുറത്താക്കുകയും പുതുതായി നിയമിക്കുകയും ചെയ്യുന്നത് അണികളിൽ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
ഒരുഘട്ടത്തിൽ തന്റെ പേര് പോലും അൻപുമണി ഉച്ചരിക്കരുതെന്ന് രാമദാസ് പ്രസ്താവിച്ചു. ഈ നിലയിലാണ് തന്റെ കസേരക്കടിയിൽ വിദേശ നിർമിതമായ രഹസ്യ ശബ്ദ റെക്കോഡിങ് യന്ത്രം സ്ഥാപിച്ചിരുന്നത് കണ്ടെത്തിയതായി രാമദാസ് വെളിപ്പെടുത്തിയത്. ആരാണ് ഇതിന് പിന്നിലെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ പ്രബലമായ ‘വണ്ണിയർ’ സമുദായമാണ് പാർട്ടിയുടെ അടിത്തറ. സംഘടനയുടെ നിയമപരമായ മുഴുവൻ അധികാരവും രാമദാസിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനും പാർട്ടി ചിഹ്നം അനുവദിക്കുന്നതിനും രാമദാസിന് മാത്രമേ കഴിയൂ. കുടുംബതർക്കം പരിഹരിക്കുന്നതിന് ബി.ജെ.പി കേന്ദ്ര നേതൃത്വം പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം ഉണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.