കാർഗോ റോപ്‌വേ തകർന്നു വീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്‌വേ തകർന്നു വീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോവുന്ന റോപ്‌വേയുടെ കേബിൾ പൊട്ടി ട്രോളികൾ നിലംപതിച്ചാണ് അപകടം.
രണ്ട് ലിഫ്റ്റ്മാൻമാരും രണ്ട് തൊഴിലാളികളും ഉൾപ്പെടെ ആറ് പേരാണ് അപകടത്തിൽ മരിച്ചതെന്ന് പഞ്ചമഹൽ കലക്ടർ അജയ് ദഹിയ പറഞ്ഞു. സംഭവം അന്വേഷിക്കാൻ വിദഗ്ദരുടെ നേതൃത്വത്തിൽ ജില്ല ഭരണകൂടം അന്വേഷണ സംഘം രൂപീകരിച്ചതായും കലക്ടർ അറിയിച്ചു.
കുന്നിൻ മുകളിൽ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. മുകളിലേക്ക് നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കാർഗോ റോപ്‌വേ ട്രോളിയിൽ മടങ്ങി വരികയായിരുന്ന അഞ്ചംഗ തൊഴിലാളി സംഘമാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ട്രോളി കേബിളുകൾ പൊട്ടിയതിനെ തുടർന്ന് താഴേക്ക് പതിച്ചു. സമീപത്തുണ്ടായിരുന്ന മറ്റൊരു തൊഴിലാളിലും അപകടത്തിൽ പെടുകയായിരുന്നു. പോലീസും ഫയർ ബ്രിഗേഡ് സംഘവും ഉടനെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്ന പാസഞ്ചർ റോപ്‌വേ മോശം കാലാവസ്ഥയെ തുടർന്ന് അടച്ചിട്ടിരുന്നെങ്കിലും, നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന കാർഗോ റോപ്‌വേ പ്രവർത്തിച്ചിരുന്നു. 2000 പടികൾ കയറിയെത്തേണ്ട ക്ഷേത്രം 800 മീറ്ററോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.