ഡൽഹി ഭരണാധികാരികൾക്ക് കീഴടങ്ങില്ലെന്ന് പവാർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ഭരണാധികാരികൾക്ക് തന്റെ പാർട്ടി ഒരിക്കലും കീഴടങ്ങില്ലെന്നും അധികാരത്തിൽനിന്ന് കാവിപ്പാർട്ടിയെ അകറ്റിനിർത്താൻ ബി.ജെ.പി ഇതര പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
നിരവധി പ്രതിപക്ഷ നേതാക്കൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലിരിക്കെയാണ് പവാറിന്റെ പ്രസ്താവന. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ എട്ടാമത് ദേശീയ കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വർധിക്കുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, കർഷക പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം വളർത്തൽ എന്നീ വിഷയങ്ങളിൽ മോദി സർക്കാറിനെതിരെ പവാർ ആഞ്ഞടിച്ചു. 'എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, പണാധികാരം തുടങ്ങിയവ ദുരുപയോഗിക്കുന്ന നിലവിലെ സർക്കാറിനെ ജനാധിപത്യപരമായി വെല്ലുവിളിക്കണം. ഒരു പോരാട്ടത്തിന് നമ്മൾ ഒരുങ്ങണം' -പവാർ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
ക്രിയാത്മക രാഷ്ട്രീയമാണ് പവാർ പിന്തുടരുന്നതെന്ന് പറഞ്ഞ എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ പ്രധാനമന്ത്രി പദത്തിന് പവാർ അവകാശവാദമുന്നയിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി. പി.സി. ചാക്കോ, ഛഗൻ ഭുജ്ബൽ, സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, തുടങ്ങിയവരും സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.