തമിഴ്നാട് ഗവർണറെ വേദിയിൽ നിർത്തി വിദ്യാർഥിനിയുടെ വേറിട്ട പ്രതിഷേധം; ബിരുദം കൈപ്പറ്റാൻ വിസമ്മതിച്ചു, വാങ്ങിയത് വൈസ്ചാൻസലറിൽനിന്ന്
text_fieldsമനോൺമണിയം സുന്ദരനാർ സർവകലാശാല ബിരുദദാന ചടങ്ങിൽ ഗവർണർ ആർ.എൻ. രവിയെ അവഗണിച്ച് വൈസ് ചാൻസലർ എൻ. ചന്ദ്രശേഖറിൽനിന്ന് ബിരുദം സ്വീകരിക്കുന്ന ജീൻജോസഫ്
നാഗർകോവിൽ: തമിഴ്നാട് ഗവർണർ ആർ.എൻ രവിക്കെതിരെ പരസ്യപ്രതിഷേധവുമായി ഗവേഷണ വിദ്യാർഥിനി. തിരുനെൽവേലി മനോൺമണിയം സുന്ദരനാർ യൂനിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങിനിടെയാണ് നാടകീയ സംഭവം.
സർവകാലശാലയുടെ 32ാമത് ബിരുദദാനം സർവകലാശാല ചാൻസലർ കൂടിയായ തിമിഴ്നാട് ഗവർണർ ആർ. എൻ. രവി ബുധനാഴ്ച നിർവഹിക്കുന്നതിനിടെ, ബിരുദം വാങ്ങാൻ വേദിയിൽ വന്ന വിദ്യാർഥിനി ജീൻ ജോസഫാണ് പ്രതികരിച്ചത്. ഗവർണറിൽനിന്ന് ബിരുദം വാങ്ങാൻ വിസമ്മതിച്ച ഇവർ വൈസ് ചാൻസലറുടെ പക്കൽ നിന്നാണ് കൈപ്പറ്റിയത്. ഗവർണർ ഉൾപ്പെടെ നിരവധി പേർ വേദിയിൽ നിൽക്കവേയാണ് സംഭവം.
ബിരുദം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് ആദ്യം നൽകും. തുടർന്ന് ബിരുദദാന ചടങ്ങിൽ പേര് വിളിക്കുന്ന മുറക്ക് സ്റ്റേജിൽ വന്ന് സർട്ടിഫിക്കറ്റ് മുഖ്യാതിഥിക്ക് നൽകി തിരികെ വാങ്ങുകയാണ് പതിവ്. ഈ രീതിയിൽ ഗവേഷണബിരുദ സർട്ടിഫിക്കറ്റുമായി വന്ന ജീൻ ജോസഫ്, ഗവർണറുടെ അടുത്തേക്ക് പോകാതെ നേരെ വൈസ് ചാൻസിലർ എൻ. ചന്ദ്രശേഖറിന് സർട്ടിഫിക്കറ്റ് നൽകി തിരികെ വാങ്ങുകയായിരുന്നു.
തമിഴിനും തമിഴ്നാട്ടിനും എതിരെ പ്രവർത്തിക്കുന്ന വ്യക്തിയിൽ നിന്ന് എങ്ങനെ ബിരുദം വാങ്ങുമെന്ന് ജീൻ ജോസഫ് ചോദിച്ചു. തമിഴ്നാട്ടിന് വേണ്ടി ഒന്നും ചെയ്യാത്തയാളാണ് ഗവർണറെന്നും ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദ്രാവിഡ മോഡൽ എന്ന ആശയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. വൈസ് ചാൻസലർ തമിഴ്നാട്ടിന് വേണ്ടി ചെയ്ത ഒട്ടനവധി നല്ല കാര്യങ്ങളെക്കുറിച്ച് അറിയാൻ കഴിഞ്ഞു. വ്യക്തി വിരോധം കൊണ്ടല്ല ഗവർണറിൽനിന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റാത്തത്. തമിഴ്നാട്ടിൽ ബിരുദം നൽകാൻ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവർ ഉള്ളപ്പോൾ എന്തിനാണ് ഗവർണർ എന്നും അവർ ചോദിച്ചു.
ഡി.എം.കെ നാഗർകോവിൽ ഡെപ്യൂട്ടി സെക്രട്ടറി എം. രാജന്റെ ഭാര്യയാണ് ജീൻ ജോസഫ്. ഗവർണറെ അപമാനിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.