സ്ത്രീകളെ ഒളിക്യാമറയിൽ പകർത്തിയ 31കാരൻ പൈലറ്റ് പിടിയിൽ; കണ്ടെത്തിയത് 74 വീഡിയോകൾ, ചെയ്തത് ആത്മസംതൃപ്തിക്കെന്ന്
text_fieldsന്യൂഡൽഹി: മാർക്കറ്റുകളിലും മറ്റു പൊതുയിടങ്ങളിലും വെച്ച് സ്ത്രീകളുടെ ആക്ഷേപകരമായ ദൃശ്യങ്ങൾ ഒളിക്യാമറിയിൽ പകർത്തി സൂക്ഷിച്ചിരുന്ന പൈലറ്റ് പിടിയിൽ. സ്വകാര്യ ഇന്ത്യൻ എയർലൈൻ കമ്പനിയിൽ പൈലറ്റായ 31കാരൻ മോഹിത് പ്രിയദർശിയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതിയുടെ പക്കൽനിന്ന് 74 ഒളിക്യാമറ ദൃശ്യങ്ങളാണ് കണ്ടെടുത്തത്. ഇയാൾ സ്ഥിരംകുറ്റവാളിയാണെന്നും വിമാനത്താവളങ്ങളിലോ വിമാനത്തിലോ സഹപ്രവർത്തകരെയോ മറ്റോ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാൻ കണ്ടെടുത്ത ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ഡൽഹിയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മോഹിത്, ഒരുവർഷമായി സ്ത്രീകളെ പിന്തുടർന്ന് ഒളിക്യാമറിയിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ഒരാൾ തന്നെ പിന്തുടരുന്നതായും ദൃശ്യങ്ങൾ പകർത്തുന്നതായും കിഷൻഗഡ് പ്രദേശത്തെ ബസാറിൽവെച്ച് 20കാരിക്ക് സംശയം തോന്നുകയായിരുന്നു. ഇയാളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ആഗസ്റ്റ് 30നായിരുന്നു ഈ സംഭവം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് മോഹിതിലേക്കെത്തിയത്. പ്രദേശത്തെ സി.സി.ടി.വികൾ പൊലീസ് പരിശോധിക്കുകയും ടാക്സി ഡ്രൈവർമാരിൽനിന്ന് വിവരം തേടുകയും ചെയ്തു.
ഒടുവിൽ യുവാവിന്‍റെ മുഖം വ്യക്തമായി പതിഞ്ഞ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽനിന്ന് പരാതിക്കാരി യുവാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും താമസസ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയും ചെയ്തു. ഇയാൾ അവിവാഹിതനാണ്. ഒളിക്യാമറ കാലിലോ കൈയിലോ ഘടിപ്പിച്ചായിരുന്നത്രെ ഇയാൾ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയിരുന്നത്.
ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. ആത്മസംതൃപ്തിക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നാണ് യുവാവ് പറഞ്ഞതെന്ന് സൗത്ത് വെസ്റ്റ് ഡി.സി.പി അമിത് ഗോയൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.