രാവിലെ 10.30 മുതൽ വൈകീട്ട് 6.30 വരെ കസ്റ്റഡിയിൽ; ഒടുവിൽ പിണറായി വിജയനെ വിട്ടയച്ചു; മൂന്നര മണിക്കൂർ റോഡിലൂടെ കറക്കി
text_fieldsന്യൂഡൽഹി: എട്ടു മണിക്കൂർ കസ്റ്റഡിയിൽ വെച്ചശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡൽഹി പൊലീസ് വിട്ടയച്ചു. ജന്തർ മന്തറിലേക്ക് പോകാനായി രാവിലെ 10.30ന് ഡൽഹിയിലെ കേരള ഹൗസിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് ജോൺ ബ്രിട്ടാസ് എം.പി, മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർക്കൊപ്പം പിണറായിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
തുടർന്ന് മൂന്നര മണിക്കൂറോളം ഇവരെ വാഹനത്തിൽ നഗരം ചുറ്റിക്കുകയും ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചശേഷം പിന്നീട് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. കടുത്ത ചൂടിനിടെ കുടിക്കാൻ വെള്ളമോ ഭക്ഷണമോ പൊലീസ് നൽകിയില്ല. 81 വയസ്സുള്ള പിണറായി വിജയന് കൃത്യ സമയത്ത് കഴിക്കേണ്ട മരുന്നുകളും ലഭ്യമാക്കിയില്ലെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു. വിചിത്ര നടപടികളാണ് പൊലീസ് സ്വീകരിച്ചതെന്നും തങ്ങളെ കയറ്റിയ ജീപ്പ് മൂന്നര മണിക്കൂറോളം ചുറ്റിക്കറങ്ങിയ ശേഷം ഒടുവിൽ ഇവിടെ തന്നെയുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ചെന്നും പിണറായി പറഞ്ഞു.
മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ‘ഒരുതരത്തിലും പൊലീസിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണ് കാണാൻ കഴിഞ്ഞത്. പത്തരക്ക് ഞങ്ങളെ കസ്റ്റഡിയിലെടുത്തിട്ട് ഒരു ബൊലോറ ജീപ്പിൽ മൂന്നര മണിക്കൂറോളം റോഡിലൂടെ ഓടി. എന്നിട്ടാണ് അവസാനം ഇവിടെ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. അതിനിടെ ഛത്രസാൽ സ്റ്റേഡിയത്തിലും കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ഇത്ര സമയം എടുക്കണോ? എന്തിനാണ് മൂന്നര മണിക്കൂറോളം റോഡിലൂടെ ഞങ്ങളെ കറക്കിയതെന്ന് ഒരിക്കലും മനസ്സിലാകുന്നില്ല. വളരെ വിചിത്രമായ അനുഭവമാണ് ഉണ്ടായത്. ജനാധിപത്യ നിഷേധത്തിനെതിരെയുള്ള വികാരം രാജ്യത്ത് പൊതുവെ ശക്തിപ്പെട്ടുവരുന്നു എന്നാണ് കാണാൻ സാധിക്കുന്നത്. അതിൽ ഈ തരത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. തുടർന്നുള്ള നാളുകളിൽ പ്രക്ഷോഭം ശക്തമായി, കൂടുതൽ കരുത്തോടെ വളർന്നുവരും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് നടപടികൊണ്ട് പ്രക്ഷോഭം തളർന്നുപോകില്ല. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും’ -പിണറായി വിജയൻ പറഞ്ഞു.
പിണറായി വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ഇടപെട്ടിരുന്നു. പിണറായിയെ ഉടൻ മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുന്നതിനായി കേരള ചീഫ് സെക്രട്ടറിക്കും ന്യൂഡൽഹിയിലെ റസിഡന്റ് കമീഷണർക്കും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.
അടിയന്തരാവസ്ഥയേക്കാൾ വലുതാണ് ഡൽഹിയിലെ സാഹചര്യമെന്ന് മമതാ ബാനർജി കുറ്റപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിനിടെ കെജ്രിവാളിനെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തു. കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാവ് അഭിജിത് ദിപ്കെയെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ കയറിയാണ് കസ്റ്റഡിയിൽ എടുത്തത്.
അടിയന്തരാവസ്ഥക്ക് സമാനം -സി.പി.എം
തിരുവനന്തപുരം: അടിയന്തിരാവസ്ഥയ്ക്ക് സമാനമായ കിരാത അന്തരീക്ഷമാണ് ഡല്‍ഹിയിലുള്ളതെന്നും ആര്.എസ്.എസ്-ബി.ജെ.പി ചട്ടമ്പികളെ പോലെ അക്രമകാരികളായി ഡല്‍ഹി പൊലീസ് മാറിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുകയും സി.പി.എം നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തത് കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നടപടിയാണ്.
നരേന്ദ്ര മോദിയും അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ സംരക്ഷിക്കാൻ രാജ്യത്തെതന്നെ കലാപത്തിലേക്ക് തള്ളിവിടുന്നതാണ് കാണുന്നത്. സി.ജെ.പി നേതാവ് അഭിജിത്ത് ദീപ്കെയെ ഉള്‍പ്പെടെ വിമാനത്തിൽ കയറി അറസ്റ്റ് ചെയ്തത് കാടത്തമാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

