സമുദായച്ചുവയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ഹരജി, മുസ്ലിം ലീഗും പട്ടികയിൽ
text_fieldsന്യൂഡൽഹി: പേരിലോ ചിഹ്നത്തിലോ സമുദായച്ചുവയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന റിട്ട് ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസ്. ഒക്ടോബർ 18നകം മറുപടി നൽകണം. ഹരജിക്കെതിരായ നിലപാട് അറിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും അവസരമുണ്ട്.
മതാടിസ്ഥാനത്തിലോ പ്രീണനം വഴിയോ വോട്ട് തേടുന്നത് വിലക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ഈ വിഷയത്തിൽ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സയ്യിദ് വസീം റിസ്വിയാണ് ഹരജി നൽകിയത്. രണ്ട് അംഗീകൃത സംസ്ഥാന പാർട്ടികളുടെ പേരിൽ 'മുസ്ലിം' ഉണ്ടെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ ഗൗരവ് ഭാട്ടിയ ജസ്റ്റിസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി എന്നിവർ ഉൾപ്പെട്ട ബെഞ്ചിനെ ബോധിപ്പിച്ചു. ചില പാർട്ടികൾ ചന്ദ്രക്കലയും നക്ഷത്രവും പാർട്ടി പതാകയിൽ ഉപയോഗിക്കുന്നു. ചില പാർട്ടികളുടെ പേരിന് സമുദായച്ചുവയാണ്. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് എസ്.ആർ. ബൊമ്മെ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദൾ തുടങ്ങിയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജസ്റ്റിസ് എം.ബി. ഷാ പരാമർശിച്ചു. മതപരമായ പേരുള്ള ഒരു പാർട്ടിയുടെ സ്ഥാനാർഥി വോട്ടു ചോദിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിനും മതനിരപേക്ഷതക്കും എതിരാണെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞു.
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ കാര്യമെടുത്താൽ, അവർക്ക് ലോക്സഭയിലും രാജ്യസഭയിലും കേരള നിയമസഭയിലും അംഗങ്ങളുണ്ട്. ഇത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. രാഷ്ട്രീയം മലീമസമാക്കുന്നത് നാം കാണേണ്ടതുണ്ടോയെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.