Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിക്ക് യുവാക്കളെ ഭയം; അറസ്റ്റ് നേരിടാൻ തയ്യാറെന്ന് അഭിജിത് ദിപ്കെ

text_fields
bookmark_border
മോദിക്ക് യുവാക്കളെ ഭയം; അറസ്റ്റ് നേരിടാൻ തയ്യാറെന്ന് അഭിജിത് ദിപ്കെ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി "യുവാക്കളെ ഭയപ്പെടുന്നു" എന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അഭിജിത് ദിപ്കെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടത്താൻ നിശ്ചയിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിന് മുന്നോടിയായി, ഡൽഹിയിൽ കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സമരക്കാരെ വ്യാപകമായി കസ്റ്റഡിയിലെടുക്കുകയും ചെയ്യാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് ദിപ്കെ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഈ സമരത്തിന് ശേഷം ജനം തനിക്ക് വോട്ട് ചെയ്യില്ലെന്ന് മോദി ഭയപ്പെടുന്നുവെന്ന് ആരോപിച്ച ദിപ്കെ, എന്ത് വിലകൊടുത്തും സമരവുമായി മുന്നോട്ടുപോകുമെന്നും അറസ്റ്റ് നേരിടാൻ തയ്യാറാണെന്നും പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങളിലൂടെ കേന്ദ്ര സർക്കാർ "സ്വന്തം ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന്" ദിപ്കെ ആരോപിച്ചു.

ജന്തർ മന്തർ 2.0 സമരത്തിനായി ന്യൂഡൽഹിയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദിപ്കെ. ജനകീയ പ്രതിഷേധങ്ങളോടുള്ള സർക്കാരിന്റെ ഭയമാണ് ഇതിന് കാരണം. പ്രതിഷേധത്തിന് മുന്നോടിയായി സുരക്ഷാസേനയെ വിന്യസിച്ചതും ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഗതാഗത സേവനങ്ങൾ നിർത്തിവെച്ചതും ഇതിന് തെളിവാണ്. "നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്. അദ്ദേഹം ഭയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് റെയിൽവേ, മെട്രോ, എല്ലാ റോഡുകൾ എന്നിവ അദ്ദേഹം അടച്ചുപൂട്ടിയത്. ഈ രാജ്യത്തെ യുവാക്കളെയും ജനങ്ങളെയും നരേന്ദ്ര മോദിക്ക് ഇത്രയധികം പേടിയാണെങ്കിൽ, പിന്നെ എന്തിനാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത്?" ദിപ്കെ ചോദിച്ചു.

പ്രതിഷേധത്തെ അടിച്ചമർത്താനാണ് ഡൽഹിയിൽ സുരക്ഷാസേനയെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. "നിങ്ങൾ ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ കൊണ്ടുവന്ന് ഡൽഹിയിൽ വിന്യസിച്ചു. നക്സൽ ബാധിത പ്രദേശങ്ങളിൽ നിന്ന് സി.ആർ.പി.എഫ് സേനയെ കൊണ്ടുവന്ന് ഡൽഹിയിൽ വിന്യസിച്ചു. നരേന്ദ്ര മോദിയും അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയാണോ? ജിഗ്നേഷ് മേവാനി നിങ്ങൾക്ക് അത്രയധികം പ്രിയപ്പെട്ടവനാണോ, അതിനാൽ നിങ്ങളുടെ സ്വന്തം പോലീസ് സേനയെയും സൈന്യത്തെയും സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് നേരെ വിന്യസിച്ചിരിക്കുന്നത്? ഇത് നരേന്ദ്ര മോദിയുടെ ഭയമാണ്. ജിഗ്നേഷ് മേവാനി അവർക്ക് എന്തിനാണ് ഇത്ര പ്രധാനപ്പെട്ടവനാകുന്നതെന്നും സ്വന്തം രാജ്യത്തെ ജനങ്ങളോട് എന്തിനാണ് യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും എനിക്കറിയില്ല," ദിപ്കെ എ.എൻ.ഐയോട് പറഞ്ഞു.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാൻ ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നവരെ അധികൃതർ തടഞ്ഞുവെക്കുകയാണെന്ന് ദിപ്കെ ആരോപിച്ചു. മുംബൈയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ ആളുകളെ പിടികൂടുകയാണ്, അവരെ പോകാൻ അനുവദിക്കുന്നില്ല. ഡൽഹിയിലാണെങ്കിൽ അവർ എല്ലാം അടച്ചുപൂട്ടിയിരിക്കുന്നു. ഇത് ഭയമാണ്, നരേന്ദ്ര മോദിയുടെ ഭയമല്ലാതെ മറ്റൊന്നുമല്ലിത്. ഇതിനുശേഷം ഈ രാജ്യത്തെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എത്തുമ്പോൾ കരുതൽ തടങ്കലിൽ ആകാൻ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, അറസ്റ്റ് നേരിടാൻ താൻ തയ്യാറാണെന്ന് സി.ജെ.പി പ്രവർത്തകൻ പറഞ്ഞു. "അവർക്ക് എന്നെ തടഞ്ഞുവെക്കാനോ അറസ്റ്റ് ചെയ്യാനോ താല്പര്യമുണ്ടെങ്കിൽ അത് ചെയ്യാം. ഞാൻ അതിന് തയ്യാറാണ്. അവർക്ക് എന്നെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വെക്കുകയോ ചെയ്യാം, അത് എന്നെ ബാധിക്കില്ല. യു.എ.പി.എയോ എൻ.എസ്.എയോ ചുമത്തുക, അത് ചുമത്തൂ, പക്ഷേ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിനും ഈ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനുമായി ഞങ്ങൾ പോരാട്ടം തുടരും," അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pm is scared- cjps abhijeet dipke alleges
Next Story