വികസിത ഇന്ത്യയുടെ അടിസ്ഥാനം ചെറുപട്ടണങ്ങളുടെ വികസനമെന്ന് മോദി
text_fieldsന്യൂഡൽഹി: എല്ലാവരുടെയും പ്രതീക്ഷ അവസാനിക്കുന്നിടത്തുനിന്നാണ് തന്റെ ഉറപ്പ് ആരംഭിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാനുള്ള തന്റെ ദൃഢനിശ്ചയത്തിന്റെ കേന്ദ്രബിന്ദു ചെറിയ നഗരങ്ങളുടെ വികസനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കളെ വിഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ‘വികസിത ഇന്ത്യ’ എന്ന ദൃഢനിശ്ചയവുമായി ‘മോദിയുടെ ഗാരന്റി വാഹനം’ രാജ്യത്തിന്റെ മുക്കും മൂലയിലുമെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ഒരു മാസം വികസിത് ഭാരത് സങ്കൽപ് യാത്ര ആയിരക്കണക്കിന് ഗ്രാമങ്ങളിലും നഗരങ്ങളിലും സന്ദർശിച്ചു. അവയിൽ ഭൂരിഭാഗവും ചെറിയ പട്ടണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബാംഗത്തെപ്പോലെ എല്ലാവരുടെയും പ്രശ്നങ്ങൾ ലഘൂകരിക്കാനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം വികസനത്തിന്റെ നേട്ടങ്ങൾ ചില വൻ നഗരങ്ങളിൽ മാത്രമായിരുന്നു. എന്നാൽ, തന്റെ സർക്കാർ ചെറിയ നഗരങ്ങളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കാരണം വൈകിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലെ വികസിത് ഭാരത് സങ്കൽപ് യാത്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.