അഞ്ച് വന്ദേഭാരത് ട്രെയിനുകൾകൂടി സർവിസ് തുടങ്ങി
text_fieldsഭോപാൽ: അഞ്ച് വന്ദേഭാരത് എക്സ്‍പ്രസ് ട്രെയിനുകൾകൂടി സർവിസ് തുടങ്ങി. മധ്യപ്രദേശ് ഭോപാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മൂന്ന് ട്രെയിനുകളുടെ ഉദ്ഘാടനം ഓൺലൈനായാണ് നിർവഹിച്ചത്.
റാണി കമലാപതി (ഭോപാൽ)-ജബൽപുർ, ഖജുരാഹോ-ഭോപാൽ- ഇൻഡോർ, ഗോവ-മുംബൈ, ധർവാഡ്-ബംഗളൂരു, ഹട്ടിയ-പട്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവിസുകൾക്കാണ് തുടക്കമായത്. ട്രെയിനുകൾ മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
ഖജുരാഹോ-ഭോപാൽ-ഇൻഡോർ വന്ദേഭാരത് എക്‌സ്‌പ്രസ് മഹാകാലേശ്വർ, മണ്ഡു, മഹേശ്വർ, ഖജുരാഹോ, പന്ന തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഗുണം ചെയ്യും. മഡ്ഗാവ് (ഗോവ)-മുംബൈ ഗോവയിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസാണ്.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും ഗോവയിലെ മഡ്ഗാവ് സ്റ്റേഷനും ഇടയിലാണ് ഇത് സർവിസ് നടത്തുക. ധാർവാഡ്-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കർണാടകയിലെ പ്രധാന നഗരങ്ങളായ ധാർവാഡ്, ഹുബ്ബള്ളി, ദാവൻഗരെ എന്നിവയെ തലസ്ഥാനമായ ബംഗളൂരുവുമായി ബന്ധിപ്പിക്കും. ഝാർഖണ്ഡിലേക്കും ബിഹാറിലേക്കുമുള്ള ആദ്യത്തെ വന്ദേഭാരത് ട്രെയിനാണ് ഹാടിയ-പട്‌ന വന്ദേഭാരത് എക്‌സ്പ്രസ്.
ഉദ്ഘാടന ചടങ്ങിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.