സെമികണ്ടക്ടർ ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയെ മുഖ്യപങ്കാളിയാക്കുമെന്ന് പ്രധാനമന്ത്രി
text_fieldsബംഗളൂരു: ഇലക്ട്രോണിക് മേഖലയിൽ വിപ്ലവത്തിന് തുടക്കം കുറിച്ച സെമികണ്ടക്ടറുകളുടെ ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയെ മുഖ്യ പങ്കാളിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിൽ ആരംഭിച്ച മൂന്നു ദിവസത്തെ 'സെമികോൺ ഇന്ത്യ കോൺഫറൻസ്' ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി കടത്തിവിടുന്ന അർധചാലകങ്ങളായ 'സെമി കണ്ടക്ട'റുകളുടെ ഉപയോഗം ഇന്ത്യയിൽ 2026 ഓടെ 8000 കോടി ഡോളർ കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ കാലങ്ങളിൽ സെമി കണ്ടക്ടർ വ്യവസായ മേഖല മികച്ച രീതിയിൽ പ്രവർത്തിക്കാൻ തയാറായിരുന്നെങ്കിലും സർക്കാർ കാര്യമായി പിന്തുണച്ചിരുന്നില്ല. വ്യവസായ മേഖല കഠിനാധ്വാനം ചെയ്യുമ്പോൾ സർക്കാർ അതിലും നന്നായി അധ്വാനിക്കണം. 130 കോടി ഇന്ത്യക്കാരെ പരസ്പരം ബന്ധിപ്പിക്കാൻ ആവശ്യമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യമാണ് നമ്മൾ നിർമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
21ാം നൂറ്റാണ്ടിലെ ആവശ്യങ്ങൾക്കായി ഇന്ത്യ യുവ ജനതയുടെ കഴിവുകൾ വർധിപ്പിക്കുകയാണ്. സെമികണ്ടക്ടർ രൂപകൽപന മേഖലയിൽ ഏറ്റവും മികച്ച എൻജിനീയർമാരാണ് ഇവിടെയുള്ളത്. ഈ രംഗത്ത് ലോകത്തെ മികച്ച എൻജിനീയർമാരിൽ 20ശതമാനവും ഇന്ത്യക്കാരാണ്. അടുത്ത പത്തുവർഷത്തിനിടെ 85,000ത്തിലധികം പരിചയസമ്പന്നരായ സെമികണ്ടക്ടർ പ്രഫഷനൽമാരെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
ഇതിനായി ബെൽജിയത്തിലെ ഇൻറർ യൂനിവേഴ്സിറ്റി മൈക്രോ ഇലക്ട്രോണിക്സ്, തായ് വാനിലെ ഇൻഡസ്ട്രിയൽ ടെക്നോളജി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, സിംഗപ്പൂരിലെ ഏജൻസി ഫോർ സയൻസ്, ടെക്നോളജി ആൻഡ് റിസർച് എന്നീ സ്ഥാപനങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.