ഓപ്പറേഷൻ സിന്ദൂർ ഒന്നാം വാർഷികം; സമൂഹമാധ‍്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി. എക്സ് , ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് ചാനൽ എന്നിവയിലെ ഡിസ്‌പ്ലേ പിക്ചറുകളാണ് മാറ്റിയത്. കറുത്ത പശ്ചാത്തലത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' എന്ന് രേഖപ്പെടുത്തിയ ചിത്രമാണ് ഇപ്പോൾ പുതുതായി വച്ചിട്ടുള്ളത്. ഒരു വർഷം മുമ്പാണ് പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂർ എന്ന പേരിൽ ശക്തമായ സൈനിക നടപടി സ്വീകരിച്ചത്. കരസേനയും നാവിക സേനയും വ്യോമസേനയും അണിനിരന്ന ഈ സൈനിക ദൗത്യത്തിൽ പാക് അധിനിവേശ കശ്മീരിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തു.
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ വിഡിയോ പങ്കുവെച്ച് വ്യോമസേന
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ വിഡിയോ പങ്ക് വെച്ച് ഇന്ത്യന്‍ വ്യോമസേന. വ്യോമസേന ദൗത്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വിഡിയോ നിർമിച്ചിട്ടുള്ളത്. ഇന്ത്യന്‍ സൈന്യം തകർത്ത ഭീകരത്താവളങ്ങളുടെ അവശിഷ്ടങ്ങളടക്കം വിഡിയോയിൽ കാണാം. "ഓപ്പറേഷൻ സിന്ദൂർ. നീതി നടപ്പിലാക്കി. കൃത്യതയാർന്ന നടപടി, മായാത്ത ഓർമ്മ - ഓപ്പറേഷൻ സിന്ദൂർ തുടരുന്നു. ഇന്ത്യ ഒന്നും മറക്കില്ല. ഇന്ത്യ ഒന്നിനും മാപ്പ് നൽകില്ല." വ്യോമസേനയുടെ ഔദ്യോഗിക പോസ്റ്റിൽ കുറിച്ചു. ഓപ്പറേഷൻ സിന്ദൂറിന്‍റെ വാർഷിക ദിനത്തിൽ സായുധ സേനയുടെ വീര്യത്തിനും ത്യാഗത്തിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ആദരമർപ്പിച്ചു. “ഓപ്പറേഷൻ സിന്ദൂറിന്റെ വാർഷികത്തിൽ, നമ്മുടെ സായുധ സേനയുടെ വീര്യത്തെയും ത്യാഗത്തെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. അവരുടെ ധൈര്യവും അർപ്പണബോധവുമാണ് രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നത്. ഈ ദൗത്യത്തിനിടയിൽ അവർ പ്രകടിപ്പിച്ച സമാനതകളില്ലാത്ത കൃത്യതയും, സേനകൾ തമ്മിലുള്ള ഏകോപനവും ഒത്തൊരുമയും ആധുനിക സൈനിക നടപടികൾക്ക് ഒരു പുതിയ മാനദണ്ഡം തന്നെ നിശ്ചയിച്ചിരിക്കുകയാണ്.” രാജ്‌നാഥ് സിങ് എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

