മോദിയുടെ ആർ.എസ്.എസ് പ്രസംഗം രക്തസാക്ഷികളെ അധിക്ഷേപിക്കുന്നത്; ലജ്ജാകരം -സി.പി.എം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ആർ.എസ്.എസിനെ പുകഴ്ത്തിയത് ലജ്ജാകരമാണെന്ന് സി.പി.എം. 100 വര്‍ഷം മുന്‍പ് രൂപംകൊണ്ട ആര്‍.എസ്.എസ് ലോകത്തെ ഏറ്റവും വലിയ എന്‍.ജി.ഒ. ആണെന്നും ഒരു നൂറ്റാണ്ടായി നമ്മളെ പ്രചോദിപ്പിക്കുന്നു എന്നുമാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.
വ്യക്തികളിലൂടെ രാഷ്ട്ര നിർമാണം എന്ന ദൃഢനിശ്ചയത്തോടെ ആർ.എസ്.എസുകാർ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമർപ്പിച്ചുവെന്നും ആർ.എസ്.എസിന്റെ 100 വർഷത്തെ സേവനം അഭിമാനകരവും സുവർണാധ്യായവുമാണ് എന്നുമാണ് മോദി പറഞ്ഞത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രക്തസാക്ഷികളെ അപമാനിക്കുകയും പലപ്പോഴും നിരോധിക്കപ്പെട്ട ഒരു വിഭാഗീയ സംഘടനയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചരിത്രപരമായ ആഘോഷത്തെ അധിക്ഷേപിക്കുകയുമാണ് മോദി ചെയ്തതെന്നും സി.പി.എം ചൂണ്ടിക്കാട്ടി. ഇത് അസ്വീകാര്യവും ലജ്ജാകരവുമാണെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
ഓപറേഷൻ സിന്ദൂറിനുശേഷം പാകിസ്താന് ഉറക്കം നഷ്ടപ്പെട്ടെന്നും ആണവായുധം കാട്ടി പാകിസ്താൻ ഇന്ത്യയെ വിരട്ടേണ്ടെന്നും മോദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ടമറുപടി നൽകി. ഇന്ത്യൻ സേനക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. തന്ത്രവും ലക്ഷ്യവും ആക്രമണത്തിന്‍റെ സമയവും സൈന്യമാണ് തീരുമാനിച്ചത്. സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് സൈന്യം ചെയ്തത്. ശത്രുവിന്‍റെ മണ്ണിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകളോളം കടന്നുകയറി ഭീകരരുടെ ആസ്ഥാനം തകർത്തു. പാകിസ്താനിലെ നാശം വളരെ വലുതായിരുന്നു.
പാകിസ്താന്‍റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ട, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും മോദി പറഞ്ഞു. ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും ഇന്ത്യ വേർതിരിച്ച് കാണില്ല. അയൽരാജ്യത്ത് നിന്ന് ഭാവിയിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ കടുത്ത തിരിച്ചടി നൽകും. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ തയാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും മോദി കൂട്ടിച്ചേർത്തു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്. ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനമായ ഡൽഹിയിലും രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.