Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പ്രധാനമന്ത്രി യഥാർഥ...

‘പ്രധാനമന്ത്രി യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നു’ -രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: ഏകസിവിൽകോഡ് നടപ്പാക്കുന്നത് സംബന്ധിച്ച നരേന്ദ്ര മോദിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പൂർ വംശീയ സംഘർഷം തുടങ്ങിയ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

60 ദിവസമായി മണിപ്പൂർ കത്തുന്നു. എന്നാൽ, ഇതേക്കുറിച്ച് ഒരക്ഷരം ഉരിയാടാൻ മോദി തയാറായിട്ടില്ല. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകസിവിൽകോഡിന്റെ പേരിൽ രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാനാണ് ശ്രമമെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. ഹിന്ദു സിവിൽകോഡിനെക്കുറിച്ചാണ് മോദി സംസാരിക്കുന്നത്.

ഹിന്ദു അവിഭക്ത കുടുംബനിയമം ഇല്ലാതാക്കാൻ മോദിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരുവശത്ത്, പ്രധാനമന്ത്രി പാർശ്വവത്കരിക്കപ്പെട്ട മുസ്‍ലിംകൾക്കുവേണ്ടി മുതലക്കണ്ണീർ പൊഴിക്കുന്നു. മറുവശത്ത്, അദ്ദേഹത്തിന്റെ ആളുകൾ മുസ്‍ലിം പള്ളികൾ ആക്രമിക്കുകയും വീടുകൾ ബുൾഡോസർകൊണ്ട് തകർക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്നു. ഉവൈസി ചൂണ്ടിക്കാട്ടി.

മോദി വിഭാഗീയരാഷ്ട്രീയം കളിക്കുകയാണെന്ന് ആർ.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞു. ഏകസിവിൽകോഡിനെക്കുറിച്ച് പ്രസംഗിക്കുംമുമ്പ് 21ാം നിയമ കമീഷൻ എന്താണ് പറഞ്ഞതെന്ന് പ്രധാനമന്ത്രി പരിശോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ധ്രുവീകരണമാണ് മോദി ലക്ഷ്യമിടുന്നതെന്ന് ജെ.ഡി.യു നേതാവ് വിജയ് കുമാർ ചൗധരി പറഞ്ഞു.

ഏക സിവിൽ കോഡ് ഹിന്ദു സമുദായത്തിൽ ആദ്യം നടപ്പാക്കി കാണിക്കാൻ ഡി.എം.കെ വെല്ലുവിളിച്ചു. രാജ്യത്തെ എല്ലാ ക്ഷേത്രത്തിലും പട്ടികജാതി-പട്ടിക വർഗത്തിൽപെട്ടവർക്ക് അടക്കം പൂജചെയ്യാൻ അവസരം നൽകട്ടെ. എല്ലാ സമുദായങ്ങൾക്കും ഭരണഘടന സംരക്ഷണം നൽകുന്നതുകൊണ്ട് ഏക സിവിൽ കോഡ് ആവശ്യമില്ലെന്നും ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു.

ഏക സിവിൽകോഡിനെ ന്യായീകരിച്ച് മോദി

ഭോപാൽ: ഏക സിവിൽകോഡിൽ ഉറച്ചും മുത്തലാഖിനെ വിമർശിച്ചും പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബൂത്ത്തല പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മക്കുനേരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്.

രണ്ടുതരം നിയമങ്ങളുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാനാകുമെന്ന് ഏക സിവിൽകോഡ് വിഷയം പരാമർശിക്കവെ അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് വ്യത്യസ്ത നിയമം ശരിയല്ല. തുല്യ അവകാശത്തെക്കുറിച്ചാണ് ഭരണഘടന പറയുന്നത്.

ഏക സിവിൽകോഡ് നടപ്പാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. മുസ്‍ലിംകളെ വികാരം കൊള്ളിച്ച് നശിപ്പിക്കാനും അതിൽനിന്ന് മുതലെടുക്കാനും ശ്രമിക്കുന്ന പാർട്ടികളെ അവർ തിരിച്ചറിയണം.

ബി.ജെ.പി പ്രീണന രാഷ്ട്രീയം ആഗ്രഹിക്കുന്നില്ല. മധ്യപ്രദേശിലെ പസ്മാന്ദ മുസ്‍ലിംകളെ പലരും ഭ്രഷ്ട് കൽപിച്ച് മാറ്റിനിർത്തിയിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്‍ലിം സ്ത്രീകളോട് അനീതിയാണ് കാണിക്കുന്നത്.

ഇസ്‍ലാമിൽ മുത്തലാഖ് ഒഴിച്ചുകൂടാത്തതാണെങ്കിൽ പാകിസ്താനിലും ഇന്തോനേഷ്യയിലും ഖത്തറിലും ജോർഡനിലും സിറിയയിലും ബംഗ്ലാദേശിലും അത് ഇല്ലാത്തതെന്തുകൊണ്ടാണ്. ഈജിപ്ത് 90 വർഷം മുമ്പുതന്നെ മുത്തലാഖ് ഇല്ലാതാക്കിയിരുന്നു.

മുസ്‍ലിം പെൺകുട്ടികളെ അടിച്ചമർത്താൻ അവർക്കുമേൽ മുത്തലാഖ് കുരുക്ക് കെട്ടിവെക്കുകയാണ്. അതുകൊണ്ടാണ് അവർ ബി.ജെ.പിക്കൊപ്പം നിൽക്കുന്നത്. 2024ലും ബി.ജെ.പി അധികാരത്തിൽ വരുമെന്നു ഭയന്നാണ് ഇല്ലാത്ത ആരോപണങ്ങളുയർത്തി പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.

അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടികളാണ് പട്നയിൽ ഒത്തുകൂടിയതെന്ന് കോൺഗ്രസ്, ആർ.ജെ.ഡി, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവയുടെ പേരെടുത്തു പറഞ്ഞ് മോദി വിമർശിച്ചു. അഴിമതി നടത്തുമെന്ന ഉറപ്പാണ് അവർ ജനങ്ങൾക്കു മുന്നിൽ വെക്കുന്നത്. എന്നാൽ, അഴിമതിക്കാരെയെല്ലാം അഴിക്കുള്ളിലാക്കുമെന്ന ഉറപ്പാണ് താൻ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipuruniform civil code Narendra Modi
News Summary - PM running away from real issues -opposition parties with harsh criticism
Next Story