
കർഷക പ്രക്ഷോഭ സ്ഥലങ്ങളിൽനിന്ന് പൊലീസ് ബാരിക്കേഡുകൾ നീക്കി
text_fieldsഗാസിയാബാദ്: കർഷകപ്രക്ഷോഭം അരങ്ങേറിയ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പൊലീസ് നീക്കിത്തുടങ്ങി. ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ സ്ഥാപിച്ച മറകൾ പൂർണമായും വെള്ളിയാഴ്ച നീക്കി. കഴിഞ്ഞ ജനുവരി 26ന് സമരം അക്രമാസക്തമായതിനെ തുടർന്നാണ് ഇരുമ്പ്, കോൺക്രീറ്റ് മറകൾ ഉപയോഗിച്ച് പൊലീസ് അതിർത്തികൾ അടച്ചത്.
അവയാണ് നീക്കം ചെയ്യുന്നത്. ദേശീയപാത 24 പൂർണമായും തടസ്സങ്ങൾ ഒഴിവാക്കി സഞ്ചാരയോഗ്യമാക്കിയതായും എൻ.എച്ച് ഒമ്പതിലെ ബാരിക്കേഡുകൾ നീക്കുന്ന പണി പുരോഗമിക്കുന്നതായും ഡൽഹി ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമീഷണർ പ്രിയങ്ക കശ്യപ് അറിയിച്ചു. കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ഡൽഹിയുടെ അതിർത്തികളായ സിംഘു, തിക്രി, ഗാസിപുർ എന്നിവിടങ്ങളിലെ റോഡുകളിൽനിന്ന് തടസ്സങ്ങൾ നീക്കണമെന്ന് ഒക്ടോബർ 21ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ഇതേ തുടർന്നാണ് നടപടി. അതേസമയം, 11 മാസങ്ങൾക്കുമുമ്പ് മുതൽ കർഷകർ പറയുന്ന കാര്യമാണ് യാഥാർഥ്യമായതെന്ന് കർഷക നേതാക്കൾ പ്രതികരിച്ചു. കർഷകർ എവിടെയും ആരുടെയും സഞ്ചാരസ്വാതന്ത്ര്യം തകർത്തിട്ടില്ലെന്നും റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
ബാരിക്കേഡുകൾ നീക്കം ചെയ്തതുപോലെ മൂന്ന് വിവാദ കർഷക നിയമങ്ങളും സർക്കാറിന് നീക്കം ചെേയ്യണ്ടിവരുമെന്നും അന്നദാതാക്കളുടെ സത്യഗ്രഹം വിജയിക്കട്ടെയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.