അസം സന്ദർശിച്ച സോളിഡാരിറ്റി നേതാക്കളെ കസ്റ്റഡിയിലെടുത്തു
text_fieldsകോഴിക്കോട്: അസമിൽ ബുൾഡോസർ രാജിന്‍റെ ഇരകളായ കുടുംബങ്ങളെ സന്ദർശിക്കാനും പുനരധിവാസ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ പഠിക്കാനും പോയ സോളിഡാരിറ്റി സംസ്ഥാന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദുബ്രി ജില്ലയിൽ ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച മേഖലകൾ സന്ദർശിക്കാൻ പുറപ്പെട്ട നാലംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചയക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, പി.എം. സജീദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അസമിലെ എസ്.ഐ.ഒ സോണൽ പ്രസിഡന്‍റ് റമീസും സംഘത്തോടൊപ്പമുണ്ടായിരുന്നു. സംഘത്തെ ദുബ്രി ജില്ലയിലെ ചെക്പോസ്റ്റിൽ തടഞ്ഞ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശേഷം ഇവരിൽനിന്ന് മൊബൈൽ ഫോണും പഴ്സ് അടക്കം മറ്റ് രേഖകളും പിടിച്ചുവാങ്ങി ചോദ്യം ചെയ്യുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തശേഷം അസം വിട്ടുപോകണമെന്ന ഉപാധിയോടെ വിട്ടയച്ചു.
സംഘത്തെ അനുഗമിച്ച പൊലീസ് അസം അതിർത്തി കടത്തിവിട്ട ശേഷമാണ് മടങ്ങിയതെന്നും നേതാക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 ഓടെ കസ്റ്റഡിയിലെടുത്ത സംഘത്തെ രാത്രിയാണ് വിട്ടയച്ചത്.
അസം പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ പറഞ്ഞു. അസമിൽ നടക്കുന്നത് വംശഹത്യയാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്തെ മുഴുവൻ മനുഷ്യസ്നേഹികളും അണിനിരക്കണമെന്നും ഇതിനെതിരെ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും സോളിഡാരിറ്റി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

