കോൺഗ്രസിന്റെ ജയ് ഹിന്ദ് യാത്ര, ജയ് പാകിസ്താൻ യാത്ര പോലെ -ബി.ജെ.പി
text_fieldsന്യൂഡൽഹി: കോൺഗ്രസിന്റെ ജയ് ഹിന്ദ് യാത്ര, ജയ് പാകിസ്താൻ യാത്ര പോലെയാണെന്ന് ബി.ജെ.പി. ഇന്ത്യൻ സർവകക്ഷി സംഘത്തിലെ എം.പിമാരെ തീവ്രവാദികളോട് ഉപമിക്കുകയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശെന്നും ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാകിസ്താനിൽ നശിപ്പിക്കപ്പെട്ട ഭീകര കേന്ദ്രങ്ങളുടെയും വ്യോമതാവളങ്ങളുടെയും വിശദാംശങ്ങൾ ആരായാത്ത രാഹുൽ ഗാന്ധിയടക്കമുള്ളവർ ഇന്ത്യക്ക് നഷ്ടമായ വിമാനങ്ങളുടെ കണക്കെടുക്കാൻ നടക്കുകയാണ്. പാകിസ്താൻറെ അവകാശവാദങ്ങൾ ന്യായീകരിക്കുന്ന രീതിയാണ് പ്രതിപക്ഷത്തിന്റേത്. നരേന്ദ്ര മോദി സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് സ്ത്രീകൾക്കിടയിൽ സിന്ദൂരം വിതരണം ചെയ്യാൻ ബി.ജെ.പി പദ്ധതിയിട്ടുവെന്ന മാധ്യമ റിപ്പോർട്ടുകൾ സംബിത് പത്ര തള്ളി.
പാകിസ്താന് ബി.എസ്.എഫ് നൽകിയത് വലിയ പ്രഹരമെന്ന് അമിത്ഷാ
പൂഞ്ച്: ഓപറേഷൻ സിന്ദൂറിൽ ബി.എസ്.എഫ് പാകിസ്താന്റെ 118ലധികം ഫോർവേഡ് പോസ്റ്റുകളും നിരീക്ഷണ സംവിധാനങ്ങളും പൂർണമായി തകർത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇത് പാകിസ്താന് വലിയ ആഘാതമായെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തി അമിത് ഷാ രണ്ടു ദിവസമായി ജമ്മു മേഖലയിൽ നടത്തുന്ന യാത്രക്കിടെയാണ് ഇങ്ങനെ പറഞ്ഞത്.
തകർത്ത കേന്ദ്രങ്ങൾ പാകിസ്താൻ പുനർനിർമിക്കാൻ വർഷങ്ങളെടുക്കും. ഭീകരർക്കെതിരെ നാം തിരിച്ചടിച്ചപ്പോൾ പാകിസ്താൻ അതിർത്തിയിലെ സിവിലിയൻ മേഖലകൾ ലക്ഷ്യമിട്ടു. അപ്പോൾ തിരിച്ചടി നൽകിയത് ബി.എസ്.എഫാണ്. പാകിസ്താന്റെ ആശയവിനിയമ സംവിധാനം തകർത്തതിനാൽ അവർക്കിനി കുറച്ചുകാലത്തേക്കെങ്കിലും യുദ്ധത്തിനിറങ്ങാനാകില്ലെന്നും ഷാ തുടർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.