'വിജയ്ക്ക്' കൂടുതൽ സമയം നൽകൂ; 120 ദിവസം കൊണ്ട് സർക്കാറിനെ വിലയിരുത്താനാകില്ലെന്ന് പ്രകാശ് രാജ്
text_fieldsതിരുച്ചിറപ്പള്ളി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ സമയമായിട്ടില്ലെന്നും അദ്ദേഹത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും നടൻ പ്രകാശ് രാജ്. 120 ദിവസം മാത്രം പിന്നിട്ട സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ലെന്നും ചുരുങ്ങിയത് ഒരു വർഷമെങ്കിലും സമയമനുവദിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തിരുച്ചിറപ്പള്ളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷത്തിന് ശേഷവും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ പരാജയപ്പെടുകയാണെങ്കിൽ താൻ അവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
"തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ട് ചെയ്യാത്തവരുടെയും കൂടിയാണ് മുഖ്യമന്ത്രിയാണ് വിജയ്. അദ്ദേഹത്തിന് കൂടുതൽ സമയം നൽകേണ്ടതുണ്ട്. സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് കുറഞ്ഞത് ഒരു വർഷമെങ്കിലും സമയം അനുവദിക്കണം," പ്രകാശ് രാജ് പറഞ്ഞു.
വിജയ്യെക്കുറിച്ച് തനിക്ക് നേരത്തെ പല സംശയങ്ങളും ഉണ്ടായിരുന്നതായും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവ തുറന്നുപറഞ്ഞിരുന്നതായും പ്രകാശ് രാജ് ഓർമ്മിപ്പിച്ചു. "തെരഞ്ഞെടുപ്പിന് മുൻപ് തന്നെ എന്റെ സംശയങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ അവർ വിജയിച്ച് സർക്കാർ രൂപീകരിച്ചിരിക്കുകയാണ്. കേവലം 120 ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു നിഗമനത്തിലെത്താൻ നമുക്ക് സാധിക്കില്ല. അവർക്ക് നമ്മൾ സമയം നൽകണം. ഒരു വർഷം കഴിഞ്ഞിട്ടും അവർ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഞാൻ അവരെ ചോദ്യം ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ആദ്യ ബജറ്റിനായി താൻ കാത്തിരിക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു. അധികാരത്തിലിരിക്കുന്നവരെ നമുക്ക് വ്യക്തിപരമായി ഇഷ്ടമല്ല എന്നതുകൊണ്ട് മാത്രം അവരെ ഉടൻ തന്നെ വിമർശിക്കാൻ തിടുക്കം കാണിക്കരുത്. നാം ജനാധിപത്യത്തെയും ജനങ്ങളെയും ബഹുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ്യുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തോടും പ്രകാശ് രാജ് പ്രതികരിച്ചു. "അദ്ദേഹം വിദേശത്ത് പോയി സുഹൃത്തായ അജിത്തിനെ കാണുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ വിദേശ സന്ദർശനത്തിന്റെ ലക്ഷ്യം നിറവേറ്റിയോ എന്നതാണ് പരിശോധിക്കേണ്ടത്. ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്," പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.
2026 മെയ് നാലിന് പ്രഖ്യാപിച്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലാണ് തമിഴക വെട്രി കഴകം (ടി.വി.കെ) വൻ വിജയം സ്വന്തമാക്കിയത്. തുടർന്ന് മെയ് 10-ന് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

