Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബയോഡാറ്റയുമായി...

‘ബയോഡാറ്റയുമായി ഓഫിസിലേക്ക് വരൂ, 10,000 പേർക്ക് ജോലി നൽകും’; മണ്ഡലത്തിലെ യുവജനങ്ങൾക്ക് പ്രശാന്ത് കിഷോറിന്‍റെ ഉറപ്പ്

text_fields
bookmark_border
‘ബയോഡാറ്റയുമായി ഓഫിസിലേക്ക് വരൂ, 10,000 പേർക്ക് ജോലി നൽകും’; മണ്ഡലത്തിലെ യുവജനങ്ങൾക്ക് പ്രശാന്ത് കിഷോറിന്‍റെ ഉറപ്പ്
cancel

പട്ന: മണ്ഡലത്തിലെ യുവജനങ്ങൾക്ക് രണ്ടു വർഷത്തിനകം തൊഴിൽനൽകുമെന്ന് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതിനുശേഷം ബങ്കിപുരിൽ ആദ്യമായി സന്ദർശനത്തിനു എത്തിയപ്പോഴാണ് പ്രശാന്ത് ഇക്കാര്യം ഉറപ്പ് നൽകിയത്.

ഇതിനായി തന്റെ ഓഫിസിലേക്ക് ബയോഡാറ്റയുമായി വരാനും യുവാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 10,000 യുവാക്കൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ നൽകുമെന്നാണ് അദ്ദേഹത്തിന്‍റെ വാഗ്ദാനം. ആഗസ്റ്റ് മൂന്നിന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ബങ്കിപൂരിൽ 19,324 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രശാന്ത് ജയിച്ചത്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പ്രശാന്ത് വോട്ടർമാരോട് നന്ദി പറയാൻ മണ്ഡലത്തിൽ എത്തിയില്ലെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

വിദ്യാഭ്യാസമുള്ള തൊഴിൽരഹിതരായ യുവാക്കളുടെ ബയോഡാറ്റ തന്റെ ഓഫിസിൽ സമർപ്പിക്കാൻ അഭ്യർഥിക്കുന്നു. ബങ്കിപൂരിലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘നിങ്ങളുടെ കുട്ടികൾ വിദ്യാഭ്യാസമുള്ളവരും തൊഴിൽരഹിതരുമാണെങ്കിൽ, അവരുടെ ബയോഡാറ്റ ഞങ്ങളുടെ ഓഫിസിൽ എത്തിക്കൂ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവരിൽ കുറഞ്ഞത് 10,000 പേർക്ക് തൊഴിൽ ഉറപ്പാക്കും. എനിക്കുള്ള വലിയ ബന്ധങ്ങളിലൂടെയും കഴിഞ്ഞകാലങ്ങളിൽ ഞാൻ സഹായിച്ച ആളുകളിലൂടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർക്ക് ജോലി നൽകുമെന്ന് ഉറപ്പ് നൽകുന്നു’ -പൊതുയോഗത്തിൽ പ്രശാന്ത് കിഷോർ പറഞ്ഞു.

ജൻ സുരാജ് പാർട്ടി അധികാരത്തിൽ എത്തിയാൽ ജോലി തേടി യുവാക്കൾക്ക് ബിഹാറിനു പുറത്തേക്ക് പോകേണ്ടി വരില്ല. തൽക്കാലത്തേക്ക് യുവാക്കൾക്ക് ജോലിക്കായി സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടി വരും. സർക്കാർ സ്കൂളുകൾ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും അദ്ദേഹം അവതരിപ്പിച്ചു. സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി ഒരു വർഷത്തെ സമയപരിധിയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കുട്ടികളെ സർക്കാർ സ്കൂളുകളിൽ ചേർക്കാൻ രക്ഷ‍ിതാക്കളെ നിർബന്ധിതരാക്കുന്ന തരത്തിൽ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം വരുത്തും. അതിനു കഴിഞ്ഞില്ലെങ്കിൽ അവരെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നതിന്റെയും ഫീസ് നൽകുന്നതിന്റെയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു.

ഡൽഹിയിലെ ജന്തർമന്തറിലും ഝാർഖണ്ഡിലും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത്തരം നടപടികൾ യുവാക്കളെ അവരുടെ ആശങ്കകൾ ഉന്നയിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലാത്തിയിലൂടെ സർക്കാറുകൾക്ക് യുവാക്കളെ ഭയപ്പെടുത്താൻ കഴിയില്ല. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചില്ലെങ്കിൽ പടർന്നുപിടിക്കുമെന്നും മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prashant KishorBankipur byelection
News Summary - Prashant Kishor Promises Jobs For 10,000 Youths Days After Bankipur Poll Win
Next Story