മോദി, ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിൽ; ഷാ, ഏറ്റവും കൂടുതൽ കാലം കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിൽ
text_fieldsനരേന്ദ്ര മോദി, അമിത് ഷാ
ന്യൂഡൽഹി: ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തില്‍ പരസ്പരം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും. കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായ അമിത് ഷായെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും റെക്കോഡുകൾ തകർക്കുമെന്നും കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച പാർലമെന്റ് ലൈബ്രറി കെട്ടിടത്തിൽ ചേർന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭീകരവിരുദ്ധ നടപടികളായ ഓപറേഷൻ സിന്ദൂറിന്റെയും ഓപറേഷൻ മഹാദേവിന്റെയും വിജയത്തെ പ്രശംസിച്ച് യോഗം പ്രമേയം പാസാക്കി. പ്രധാനമന്ത്രിക്ക് പാർലമെന്ററി പാർട്ടി അഭിനന്ദനം അറിയിച്ചു. പ്രധാനമന്ത്രി അസാമാന്യ ധൈര്യം കാട്ടിയെന്നും പ്രമേയത്തിൽ പറയുന്നു. പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ഒരു വിദേശ ഭീകര സംഘടനയായും പ്രത്യേക ലക്ഷ്യമുള്ള ആഗോള ഭീകര സംഘടനയായും അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഭീകരതക്കെതിരായ രാജ്യത്തിന്റെ നിലപാടിനുള്ള പിന്തുണയാണ്. പഹൽഗാം ആക്രമണത്തെ അപലപിച്ച ബ്രിക്സ് സംയുക്ത പ്രഖ്യാപനം, പാകിസ്താൻ സ്വന്തം മണ്ണിൽ അടിച്ചേൽപിക്കുന്ന ഭീകരതക്കെതിരായ ഇന്ത്യയുടെ നയതന്ത്ര നിലപാടിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രമേയം പറയുന്നു.
ഓപറേഷൻ സിന്ദൂറിനുശേഷം, ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനായി വിവിധ പാർട്ടികളിൽ നിന്നുള്ള 59 പാർലമെന്റ് അംഗങ്ങൾ 32 രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിപക്ഷ എം.പിമാരുടെ പങ്കാളിത്തം ഇന്ത്യയുടെ പക്വതയുള്ള ജനാധിപത്യം കാണിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി, ബി.ജെ.പി എം.പി കങ്കണ റണാവത്ത് എന്നിവർക്കുപുറമെ ലോക്സഭയിലെയും രാജ്യസഭയിലെയും പ്രധാന എൻ.ഡി.എ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്നും നിലവിലെ നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു യോഗം. വിഷയമുന്നയിച്ച് പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭയും രാജ്യസഭയും ചൊവ്വാഴ്ച പിരിഞ്ഞു.
റെക്കോഡിട്ട് അമിത് ഷാ
ഏറ്റവും കൂടുതൽ കാലം കേന്ദ്ര ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ച ബി.ജെ.പി മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ റെക്കോഡ് മറികടന്ന് അമിത് ഷാ. 2019 മേയ് 30 മുതൽ ആഭ്യന്തര മന്ത്രിയായി തുടരുന്ന അമിത് ഷാ 2025 ആഗസ്റ്റ് നാലിന് 2,258 ദിവസം പൂർത്തിയാക്കി.
എൽ.കെ. അദ്വാനി 2,256 ദിവസം (1998 മാർച്ച് 19 മുതൽ 2004 മേയ് 22 വരെ), കോൺഗ്രസ് നേതാവ് ഗോവിന്ദ് ബല്ലഭ് പന്ത് 1955 ജനുവരി 10 മുതൽ 1961 മാർച്ച് ഏഴുവരെ ആറു വർഷവും 56 ദിവസവും ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.