പ്രധാനമന്ത്രി 22ന് ജിദ്ദയിലേക്ക്; 42,000 ഹജ്ജ് സീറ്റിലെ അനിശ്ചിതത്വം ചർച്ചയാകും
text_fieldsന്യൂഡൽഹി: രാജ്യത്തെ 42,000ത്തോളം പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദർശനത്തിനിടെ ചർച്ച നടക്കുമെന്ന് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ ഓപറേറ്റർമാരോട് തയാറായി നിൽക്കാൻ ന്യൂനപക്ഷ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. ഇതടക്കമുള്ള നിരവധി ആഗോള, ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടക്കും. വിവിധ ഉഭയകക്ഷി കരാറുകളിൽ ഇരുകുട്ടരും ഒപ്പുവെക്കും. 22ന് ആണ് രണ്ടു ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്.
പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് കമ്പയിൻഡ് ഹജ്ജ് ഗ്രൂപ് ഓപറേറ്റർമാർ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുമ്പേ വിഷയത്തിൽ സൗദി അധികൃതരുമായി വ്യത്യസ്ത തലങ്ങളിൽ ചർച്ച നടത്തിയെന്ന് മിസ്രി പറഞ്ഞു. എന്നാൽ, തീർഥാടകരുടെ സുരക്ഷിതത്വത്തിലാണ് തങ്ങളുടെ ആശങ്കയെന്നാണ് സൗദി പറയുന്നത്.
എന്നാൽ, നിശ്ചയിച്ച സമയപരിധിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഭൂരിഭാഗം സ്വകാര്യ ഓപറേറ്റർമാർക്കും കഴിയാത്തതും മിനായിലും മറ്റും ഹാജിമാർക്ക് താമസസൗകര്യവും ഗതാഗതസൗകര്യവുമൊരുക്കാനുള്ള കരാറുകളിൽ ഏർപ്പെടുന്നതിൽ അവർ പരാജയപ്പെട്ടെന്നും വിദേശ സെക്രട്ടറി കുറ്റപ്പെടുത്തി. 800 സ്വകാര്യ ഓപറേറ്റർമാരെ ഇത്തവണ 26 കമ്പയിൻഡ് ഹജ്ജ് ഗ്രൂപ് ഓപറേറ്റർമാരാക്കിയിരുന്നു. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഹജ്ജ് തീർഥാടനം ഒരു പ്രധാന വിഷയമാണെന്ന് മിസ്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.