'തടവുകാർക്ക് വിലകൂടിയ ഭക്ഷണം ലഭിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമല്ല' -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: തടവുകാർക്ക് ജയിലുകളിൽ ഇഷ്ടപ്പെട്ടതോ വിലകൂടിയതോ ആയ ഭക്ഷണസാധനങ്ങൾ നൽകാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 21ാം അനുച്ഛേദം പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം എല്ലാ തടവുകാർക്കും ബാധകമാണെങ്കിലും ഭക്ഷണ തെരഞ്ഞെടുപ്പുകൾക്കുള്ള അവകാശം അത് നൽകുന്നില്ലെന്ന് ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
'ഇഷ്ടപ്പെട്ടതോ വിലകൂടിയതോ ആയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമായി കണക്കാക്കാനാവില്ല. വൈകല്യമുള്ളവർ ഉൾപ്പെടെ എല്ലാ തടവുകാർക്കും മെഡിക്കൽ സർട്ടിഫിക്കേഷന് വിധേയമായി മതിയായതും പോഷകസമൃദ്ധവും വൈദ്യശാസ്ത്രപരമായി അനുയോജ്യവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്' -ബെഞ്ച് പറഞ്ഞു.
ജയിലുകളെ സിവിൽ സമൂഹത്തിന്റെ സുഖസൗകര്യങ്ങളുടെ വിപുലീകരണങ്ങളെന്നല്ല, മറിച്ച് തിരുത്തൽ സ്ഥാപനങ്ങളാണെന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചിട്ടുള്ളത്. ആരോഗ്യത്തിനോ അന്തസ്സിനോ പ്രകടമായ ദോഷം വരുത്തുന്നില്ലെങ്കിൽ അത്യാവശ്യമല്ലാത്തതോ ആഡംബരപൂർണമായതോ ആയ വസ്തുക്കൾ വിതരണം ചെയ്യാതിരിക്കുന്നത് ഭരണഘടനാപരമോ മനുഷ്യാവകാശപരമോ ആയ ലംഘനമല്ലെന്ന് കോടതി കൂട്ടിച്ചേർത്തു.
'ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ 'അവസാനം' എന്നാണ് ജയിലുകളെ പലപ്പോഴും കണക്കാക്കുന്നത്. കർശനമായ അച്ചടക്കം, കഠിനമായ സാഹചര്യങ്ങൾ, കുറഞ്ഞ സ്വാതന്ത്ര്യങ്ങൾ എന്നിവക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ജയിലുകൾ. ആധുനിക പയനിയോളജിക്കൽ തത്വങ്ങൾ പ്രതികാരത്തിനു പകരം പുനരധിവാസത്തിനായി വാദിക്കുമ്പോൾ, രാജ്യത്ത് നിലവിലെ ജയിലുകളിൽ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന സംവിധാനങ്ങളും തീർത്തും അപര്യാപ്തമായി തുടരുന്നു. പ്രത്യേകിച്ച് വൈകല്യമുള്ള തടവുകാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ' -വിധിന്യായത്തിൽ പറയുന്നു.
ബെക്കർ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച അഭിഭാഷകൻ എൽ. മുരുഗാനന്ദം സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ. തന്റെ കുടുംബം മറ്റൊരാളുമായി ഉണ്ടായ ഭൂമി തർക്കത്തെ തുടർന്നാണ് തടവ് ശിക്ഷ ലഭിച്ചത്. തടവിൽ കഴിയുമ്പോൾ മുട്ട, ചിക്കൻ, നട്‌സ് തുടങ്ങിയ മെഡിക്കൽ ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ഭക്ഷണവും ദിവസേന ലഭിച്ചില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.