സ്വകാര്യ ആശുപത്രിയിൽ കയറി അതിക്രമം നടത്തിയെന്ന്: ശിവസേന നേതാവുൾപ്പെടെ 17 പേർക്കെതിരെ കേസ്
text_fieldsപൽഘർ: സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത ശിവസേന പ്രവർത്തകർക്കെതിരെ കേസ്. പൽഘർ ജില്ലയിലെ ശിവസേന മേധാവി കുന്ദൻ സംഖെ ഉൾപ്പെടെ 17 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രാജസ്ഥാൻ പൽഘറിലെ ബോയ്സറിലെ റിലീഫ് ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദഹി ഹണ്ഡി ആഘോഷത്തിനിടെ പരിക്കേറ്റ ഗോവിന്ദ സംഘത്തിലെ അംഗത്തിന് സി.ടി സ്കാൻ നിർദേശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ പേഷ്യന്റിന് അടിയന്തര ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ സി.ടി സ്കാൻ ശുപാർശ ചെയ്യുകയായിരുന്നു. ചികിത്സയ്ക്കായി കണക്കാക്കിയ 20,000 രൂപയിൽ 10,000 രൂപ സംഘാടകർ നിക്ഷേപിച്ചിരുന്നു. എന്നാൽ, സി.ടി സ്കാനിന്റെ ആവശ്യകത ചോദ്യം ചെയ്ത സംഘാടകർ രോഗിയെ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ തർക്കം ഉടലെടുത്തു. പിന്നീട് ചില പ്രവർത്തകർ ആശുപത്രിയിലേക്ക് ഇരച്ചുകയറി ഡോക്ടർമാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നുമെന്ന് പരാതിയിൽ പറയുന്നു.
ആശുപത്രിയിൽ അനാവശ്യമായി സംഘടിച്ചെത്തൽ, ജീവനക്കാരെ കയ്യേറ്റം ചെയ്യൽ, അധിക്ഷേപിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ കേസെടുത്തിരിക്കുന്നത്. കൂടാതെ, ആരോഗ്യപ്രവർത്തകർക്കും ആരോഗ്യസ്ഥാപനങ്ങൾക്കും എതിരെയുള്ള അക്രമം തടയുന്നതിനുള്ള മഹാരാഷ്ട്ര മെഡികെയർ സർവിസ് പേഴ്സൺസ് ആൻഡ് മെഡികെയർ സർവിസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട്-2010 പ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ആരോപണങ്ങൾ നിഷേധിച്ച് കുന്ദൻ സംഖെ തന്നെ രംഗത്തെത്തി. നിസ്സാര പരിക്കുകളുള്ള രോഗികളെ ഡിസ്ചാർജ് ചെയ്യാൻ വൈകുന്നതുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും, ചികിത്സയെക്കുറിച്ചും ഡിസ്ചാർജിനെക്കുറിച്ചും സംസാരിക്കാൻ മാത്രമാണ് പാർട്ടി പ്രവർത്തകർ ആശുപത്രിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ മഹാസഖ്യത്തിലെ രാഷ്ട്രീയ പ്രവർത്തകർ ഗുണ്ടായിസം കാണിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അതുൽ ലോന്ധെ പാട്ടീൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

