ബിഹാറിലെ കാറ്റ് തമിഴ്നാട്ടിൽ വീശുന്നതായി തോന്നിയെന്ന് മോദി; കോയമ്പത്തൂരിൽ കോലം കത്തിച്ച് പ്രതിഷേധം, കരിങ്കൊടി
text_fieldsചെന്നൈ: ബിഹാറിലെ കാറ്റ് തമിഴ്നാട്ടിലും വീശുന്നതായി തോന്നിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോയമ്പത്തൂരിൽ ദക്ഷിണേന്ത്യൻ ജൈവ കാർഷിക സമ്മേളനത്തിൽ പങ്കെടുത്ത കർഷകർ തങ്ങൾ അണിഞ്ഞ പച്ച ഷാളുകൾ വീശി അഭിവാദ്യമർപ്പിച്ചപ്പോഴായിരുന്നു പ്രസംഗം തുടങ്ങുന്നതിനുമുമ്പ് മോദിയുടെ പരാമർശം. നീണ്ട ഹർഷാരവങ്ങളോടെയാണ് സദസ്സ് മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
ജൈവകൃഷി തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതായും ജൈവ കൃഷിയുടെയും പ്രകൃതിദത്ത കൃഷിയുടെയും ആഗോള കേന്ദ്രമായി ഇന്ത്യ മാറാനുള്ള പാതയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കൾ കൃഷിയെ ആധുനികവും വിപുലീകരിക്കാവുന്നതുമായ അവസരമായാണ് കാണുന്നത്.
ഇത് രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥക്ക് വലിയ ഉത്തേജനം നൽകും. വർഷങ്ങളായി രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നതിന് കാരണമായിട്ടുണ്ട്. വിള വൈവിധ്യവത്കരണത്തിലൂടെയും പ്രകൃതി കൃഷിയിലൂടെയും മാത്രമേ ഇതിന് പരിഹാരം കാണാനാവുകയുള്ളൂവെന്നും മോദി പറഞ്ഞു. ഏകദേശം ഒമ്പത് കോടി കർഷകർക്ക് പ്രയോജനം ചെയ്യുന്ന 18,000 കോടിയുടെ പി.എം കിസാൻ പദ്ധതിയുടെ 21ാം ഗഡുവും പ്രധാനമന്ത്രി ചടങ്ങിൽ പുറത്തിറക്കി.
കോയമ്പത്തൂരിൽ മോദിയുടെ കോലം കത്തിച്ചു; കരിങ്കൊടി
ചെന്നൈ: കോയമ്പത്തൂർ ജൈവ കാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും കരിങ്കൊടി കാണിച്ചും പ്രതിഷേധം. ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പ്രധാനമന്ത്രി മോദി തമിഴ്നാട്ടിലുള്ള ബിഹാറി തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നതായി പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം. തന്തൈ പെരിയാർ ദ്രാവിഡ കഴകം, ആദി തമിഴർ പേരവൈ, വിടുതലൈ ശിറുതൈകൾ കക്ഷി തുടങ്ങിയ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അവിനാശി റോഡിലെ വിവിധ കേന്ദ്രങ്ങളിലായാണ് പ്രതിഷേധ പരിപാടി നടത്തിയത്. ‘മോദി ഗോ ബാക്’ എന്നെഴുതിയ പ്ലക്കാർഡുകളും പ്രവർത്തകർ ഉയർത്തിക്കാട്ടി. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

