‘ഖത്തറും കേരളവുമായി നൂറ്റാണ്ടുകളുടെ ബന്ധം’; ലോക പുസ്തകമേളയിൽ ഖത്തറിന്റെ സമ്പൂർണ ചരിത്രത്തിന്റെ പ്രകാശനം
text_fieldsന്യൂഡൽഹി ഭാരത മണ്ഡപത്തിൽ ഖത്തറിന്റെ ചരിത്രം പറയുന്ന ‘കണ്ടും കേട്ടും വായിച്ചും നമ്മളറിഞ്ഞ ഖത്തർ’ പ്രകാശനം ചെയ്തപ്പോൾ. ചരിത്രകാരനായ ശൈഖ് ഫൈസൽ ബിൻ ഖാസിം അൽഥാനി, ഖത്തർ സ്ഥാനപതി മുഹമ്മദ് ഹസൻ ജാബിർ അൽ ജാബിർ, ശൈഖ് മുഹമ്മദ് ബിൻ ഫൈസൽ തുടങ്ങിയവർ വേദിയിൽ
ന്യൂഡൽഹി: നൂറ്റാണ്ടുകളായി ഖത്തറും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ ആഴമറിഞ്ഞാണ് അറബിയിൽ താൻ രചിച്ച് ജോർജ് ടൗൺ യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഖത്തറിന്റെ സമഗ്ര ചരിത്രം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതെന്ന് ചരിത്രകാരനായ ശൈഖ് ഫൈസൽ ബിൻ ഖാസിം അൽഥാനി. ന്യൂഡൽഹി ഭാരത മണ്ഡപത്തിൽ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകത്തിന്റെ മലയാള വിവർത്തനം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എ. റസാഖ് ആണ് ‘കണ്ടും കേട്ടും വായിച്ചും നമ്മളറിഞ്ഞ ഖത്തർ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വിവർത്തനം നിർവഹിച്ചത്.
കേരളത്തിൽ നിർമിച്ച കപ്പലുകളായിരുന്നു ഒരു കാലത്ത് ഖത്തറിന്റെ തീരങ്ങളിൽ പരന്നുകിടന്നിരുന്നതെന്നും ഈ പായ്ക്കപ്പലുകളിലൂടെയാണ് അറേബ്യയും ഇന്ത്യയും തമ്മിലുള്ള കച്ചവടങ്ങൾ നടന്നിരുന്നതെന്നും ശൈഖ് ഫൈസൽ പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്നു പരസ്പര ബന്ധത്തിന്റെ സാംസ്കാരികമായ ശേഷിപ്പുകൾ ഖത്തർ ജനതയുടെ ഭക്ഷണത്തിലും വസ്ത്രത്തിലുമുള്ള ഇന്ത്യൻ സ്വാധീനത്തിൽനിന്ന് വ്യക്തമാണെന്നും അദ്ദേഹം തുടർന്നു.
ഇന്ത്യയിലെ ഖത്തർ സ്ഥാനപതി മുഹമ്മദ് ഹസൻ ജാബിർ അൽ ജാബിർ, ശൈഖ് മുഹമ്മദ് ബിൻ ഫൈസൽ, വിവർത്തകൻ എം.എസ്.എ. റസാഖ്, കെ.സി. അബ്ദുല്ലത്വീഫ്, വിവിധ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.