പുൽവാമദിനം: ധീര ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് രാജ്യം
text_fieldsസി.ആർ.പി.എഫ് സ്പെഷൽ ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിലെ ലെത്പോറയിൽ പുൽവാമ രക്തസാക്ഷികളുടെ സ്മാരകത്തിൽ ആദരാഞ്ജലിയർപ്പിക്കുന്നു
പുൽവാമ: ജമ്മു-കശ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. 2019 ഫെബ്രുവരി 14ന് സൈനിക വാഹന വ്യൂഹത്തിലേക്ക് സ്പോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
ധീര രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് , വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഡി.ജി.പി ദിൽബാഗ് സിങ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ധീര ജവാന്മാരുടെ ജീവത്യാഗം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സി.ആർ.പി.എഫ് സ്പെഷൽ ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരിയുടെ നേതൃത്വത്തിൽ സേനയിലെ ഉദ്യോഗസ്ഥരും ജമ്മു-കശ്മീർ പൊലീസും സൈന്യവും പുൽവാമ രക്തസാക്ഷികളുടെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
പുൽവാമയിൽ ഇന്റലിജൻസ് പരാജയമെന്ന് ദിഗ്വിജയ് സിങ്
ഭോപാൽ: നാലുവർഷം മുമ്പ് പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ രക്തസാക്ഷികളായത് നഗ്നമായ ഇന്റലിജൻസ് പരാജയം കാരണമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്.
“പുൽവാമയിലെ നഗ്നമായ ഇന്റലിജൻസ് പരാജയം കാരണം മരിച്ച 40 സി.ആർ.പി.എഫ് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. എല്ലാ രക്തസാക്ഷികളുടെയും കുടുംബങ്ങളെ ഉചിതമായി പുനരധിവസിപ്പിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു...” എന്നായിരുന്നു പുൽവാമ അനുസ്മരണ ദിനമായി ഇന്നലെ ദിഗ്വിജയ് സിങ്ങിന്റെ ട്വീറ്റ്.
പരാമർശം പുതിയ വിവാദത്തിനും തിരികൊളുത്തി. സിങ്ങിന്റെ ട്വീറ്റിനെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിശിതമായി വമർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.