വെള്ളത്തിൽ കൊമ്പുകോർത്ത് പഞ്ചാബും ഹരിയാനയും
text_fieldsപഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ
ന്യൂഡല്ഹി: വെള്ളത്തെ ചൊല്ലി കൊമ്പുകോർത്ത് പഞ്ചാബും ഹരിയാനയും. ഭക്ര അണക്കെട്ടിലെ വെള്ളം പങ്കുവെക്കുന്നത് സംബന്ധിച്ച തർക്കം രാഷ്ട്രീയ പോരിലേക്കും വഴിവെക്കുന്നതാണ് കാഴ്ച. തങ്ങളുടെ അവകാശങ്ങൾ ഹരിയാന കവർന്നെടുക്കുന്നത് അംഗീകരിക്കില്ലെന്നുപറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തിയതോടെയാണ് പോര് മൂർച്ഛിച്ചത്. ഇതിന് മറുപടിയെന്നോണം, ഭഗവന്ത് മൻ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് ആരോപിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി രംഗത്തെത്തി.
പിന്നാലെ, ഹരിയാനയിലെയും കേന്ദ്രത്തിലെയും ബി.ജെ.പി പഞ്ചാബിനെതിരെ ഒന്നിക്കുകയാണെന്ന് ഭഗവന്ത് മൻ എക്സിൽ കുറിച്ചു. ബി.ജെ.പിക്ക് ഒരിക്കലും പഞ്ചാബിന്റെയോ പഞ്ചാബികളുടേതോ ആവാനാവില്ലെന്നും മൻ പറഞ്ഞു. പഞ്ചാബിനും അവിടത്തെ കർഷകർക്കും ജനങ്ങൾക്കുമെതിരെ കേന്ദ്രവും ഹരിയാന മുഖ്യമന്ത്രി സൈനിയും കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമയും രംഗത്തെത്തി.
തങ്ങൾക്കവകാശപ്പെട്ട കുടിവെള്ളമാണ് തേടുന്നതെന്നാണ് ഹരിയാനയുടെ വാദം. വെള്ളം തുറന്നുവിട്ടില്ലെങ്കിൽ പാഴായി പാകിസ്താനിലേക്ക് പോകുമെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി പറഞ്ഞു. പോര് മൂർച്ഛിക്കുന്നതിനിടെ, ഭക്ര അണക്കെട്ടിന് താഴെയായി സ്ഥിതി ചെയ്യുന്ന നംഗൽ അണക്കെട്ടിൽ പഞ്ചാബ് പൊലീസ് സുരക്ഷ ശക്തമാക്കി.
നംഗൽ അണക്കെട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തതായും ജലവിതരണം നിയന്ത്രിക്കുന്ന മുറി പൂട്ടി താക്കോൽ പൊലീസിന് കൈമാറിയതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡ് യോഗം (ബി.ബി.എം.ബി) ഹരിയാനക്ക് 8,500 ഘനയടി വെള്ളം ഒഴുക്കിനൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇരുസംസ്ഥാനങ്ങളും പരസ്യപോരുമായി രംഗത്തെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.