കരട് വോട്ടർ പട്ടികയിൽ നിന്ന് പേര് 'നീക്കം ചെയ്തത്' രാഷ്ട്രീയ പകപോക്കലെന്ന് രാഘവ് ചദ്ദ; ആരോപണം തള്ളി ആം ആദ്മി പാർട്ടി
text_fieldsചണ്ഡീഗഢ്: ബി.ജെ.പി രാജ്യസഭാംഗം രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ കരട് വോട്ടർ പട്ടികയിൽ ‘സ്ഥലംമാറിയതായി’ രേഖപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. വോട്ടർ പട്ടികയിൽ തന്റെ വിവരം തെറ്റായി രേഖപ്പെടുത്തിയത് പഞ്ചാബ് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ചദ്ദ ആരോപിച്ചു. 'സ്ഥിരമായി താമസം മാറിയവർ' എന്ന വിഭാഗത്തിലാണ് ഛദ്ദയുടെ പേര് ഉൾപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം വോട്ടർ പട്ടികയുടെ അന്തിമ രൂപം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും നിലവിലുള്ള 'ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻസ്' പ്രക്രിയയിലൂടെ തെറ്റുകൾ തിരുത്താൻ സാധിക്കുമെന്ന് ചദ്ദ വ്യക്തമാക്കി. എസ്.ഐ.ആർ മാർഗ്ഗനിർദേശങ്ങൾ പ്രകാരമുള്ള നടപടികൾ താൻ സ്വീകരിച്ചുവരികയാണെന്നും ചദ്ദ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ഇത് വെറുമൊരു ക്ലറിക്കൽ അബദ്ധമല്ലെന്നും വ്യക്തമായ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ പഞ്ചാബിൽ നിന്നുള്ള സിറ്റിങ് എം.പിയായിരിക്കെ തന്റെ പേര് മനപ്പൂർവ്വം ഒഴിവാക്കുകയോ മാറ്റുകയോ ചെയ്യുകയായിരുന്നുവെന്നും, പഞ്ചാബ് സർക്കാരിന്റെ ഉദ്യോഗസ്ഥർ ഇതിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു. താൻ എ.എ.പി വിട്ട് ബി.ജെ.പിയിൽ ചേർന്നതിന് ശേഷം പാർട്ടി നേതൃത്വവും പഞ്ചാബ് സർക്കാരും തനിക്കെതിരെ പ്രതികാര നടപടികൾ തുടരുകയാണെന്നും ചദ്ദ കൂട്ടിച്ചേർത്തു.
എന്നാൽ രാഘവ് ചദ്ദയുടെ ആരോപണങ്ങൾ ആം ആദ്മി പാർട്ടി പൂർണമായും തള്ളി. ഡൽഹിയിൽ ബാക്ക്ഡേറ്റഡ് പ്രോസസ്സിലൂടെ വോട്ടർ രജിസ്ട്രേഷൻ മാറ്റാൻ രാഘവ് ചദ്ദ ശ്രമിച്ചിട്ടുണ്ടെന്നും, ഈ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം എ.എ.പിയുടെയും പഞ്ചാബ് സർക്കാരിന്റെയും മേൽ പഴിചാടാൻ ശ്രമിക്കുകയാണെന്നും പാർട്ടി തിരിച്ചടിച്ചു.
എ.എ.പി സർക്കാർ അല്ല, മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് എസ്.ഐ.ആർ നടപടികൾ നടപ്പിലാക്കുന്നതെന്നും വോട്ടർ പട്ടികയിൽ ആരുടെ പേര് ചേർക്കണം അല്ലെങ്കിൽ ഒഴിവാക്കണം എന്ന് തീരുമാനിക്കുന്നതിൽ പഞ്ചാബ് സർക്കാരിന് യാതൊരു പങ്കുമില്ലെന്നും പാർട്ടി വ്യക്തമാക്കി. രാഘവ് ചദ്ദ വളരെക്കാലമായി ഡൽഹിയിലാണ് താമസിക്കുന്നത് എന്നത് പരസ്യമായ സത്യമാണ്. അദ്ദേഹം പഞ്ചാബിൽ താമസിക്കുന്നില്ലെങ്കിൽ വോട്ടർ രജിസ്ട്രേഷൻ നിലനിർത്തേണ്ടതോ മാറ്റേണ്ടതോ അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും എ.എ.പി കൂട്ടിച്ചേർത്തു.
ബാക്ക്ഡേറ്റഡ് രീതിയിലൂടെ വോട്ടർ രജിസ്ട്രേഷൻ ഉണ്ടാക്കാൻ അദ്ദേഹം ശ്രമിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇതിനെതിരെ അന്വേഷണം നടത്തണമെന്നും എ.എ.പി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് എ.എ.പി രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട രാഘവ് ചദ്ദ ആം ആദ്മി പാർട്ടി വിട്ട് എതിർ കക്ഷിയായ ബി.ജെ.പിയിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

