പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ തന്നെയെന്ന് തമിഴ്നാട് മന്ത്രി; വിജയ്‌യെക്കുറിച്ച ചോദ്യത്തിന് ‘ഒന്നും പറയാനില്ലെ’ന്ന് മറുപടി
text_fieldsചെന്നൈ: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെയായിരിക്കും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് തമിഴ്നാട് മന്ത്രി പി. വിശ്വനാഥൻ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ പരിഗണിക്കണമെന്ന ചർച്ചകൾക്കിടെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘വിജയ് ഉപപ്രധാനമന്ത്രി സ്ഥാനാർഥിയാകുമോ’ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന കാര്യത്തിൽ വ്യക്തതയുണ്ടെന്നുമായിരുന്നു വിശ്വനാഥന്റെ മറുപടി.
തമിഴ്നാട്ടിലെ കോൺഗ്രസ് ഘടകം സജീവവും ശക്തവുമാണെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരി മുതൽ തിരുത്തണി വരെ പാർട്ടി പ്രവർത്തകർ സജീവമായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടര വർഷത്തോളം ബാക്കിയുള്ളതിനാൽ പാർട്ടി നേരത്തേ തന്നെ പ്രവർത്തനം ആരംഭിച്ചതായും വിശ്വനാഥൻ വ്യക്തമാക്കി.
തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ ബി. മണികം ടാഗോർ തയ്യാറാക്കിയ പദ്ധതികളുടെ അടിസ്ഥാനത്തിൽ സംഘടന അതിവേഗം മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ടി.വി.കെ–കോൺഗ്രസ് ബന്ധത്തിൽ പ്രശ്നങ്ങളില്ലെന്നും എല്ലാ പാർട്ടികളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മമത ബാനർജി, ശരദ് പവാർ, ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളെ അതത് പാർട്ടികൾ പ്രധാനമന്ത്രി സ്ഥാനാർഥികളായി ഉയർത്തിക്കാട്ടിയേക്കാമെന്നും വിശ്വനാഥൻ പറഞ്ഞു. എന്നാൽ 2029ൽ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന ടി.വി.കെ നിലപാട് മന്ത്രി കെ. എ. സെങ്കോട്ടയ്യൻ ആവർത്തിച്ചു. തങ്ങളുടെ നേതാവിനെക്കുറിച്ച് പാർട്ടിക്ക് വ്യക്തമായ നിലപാടാണുള്ളതെന്നും തമിഴ്നാട്ടിലെ ജനങ്ങൾ അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമവും ആവശ്യങ്ങളും മുൻനിർത്തി മുഖ്യമന്ത്രി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സെങ്കോട്ടയ്യൻ വ്യക്തമാക്കി.
ടി.വി.കെ നേതാക്കൾ വിജയ്‌യെ ഭാവിയിലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതും കോൺഗ്രസ് രാഹുൽ ഗാന്ധിയെ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതും തമിഴ്നാട്ടിലെ ഭരണസഖ്യത്തിനുള്ളിലെ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

