Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്തായിരുന്നു അന്ന് അമിത്ഷാക്കെതിരെ രാഹുൽ പറഞ്ഞത്? കേസിന്റെ നാൾ വഴികൾ

text_fields
bookmark_border
എന്തായിരുന്നു അന്ന് അമിത്ഷാക്കെതിരെ രാഹുൽ പറഞ്ഞത്? കേസിന്റെ നാൾ വഴികൾ
cancel

ബംഗളൂരു: 2018ൽ ബംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിൽ അമിത് ഷാക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശവും അതിന് പിന്നിലെ നിയമപോരാട്ടങ്ങളും ഇന്ത്യയിൽ വലിയ രാഷ്ട്രീയ തരംഗമാണ് സൃഷ്ടിച്ചത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷാക്കെതിരെ രാഹുൽ നടത്തിയ പ്രസ്താവനയാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചതും കേസിലേക്ക് നയിച്ചതും.

സൊഹ്‌റാബുദ്ദീൻ ശൈഖിനെ വ്യാജ ഏറ്റുമുട്ടൽ നടത്തി കൊലപ്പെടുത്തിയ കേസിനെ പരാമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ പ്രസ്താവന. ‘ബിജെപി അധ്യക്ഷൻ ഒരു കൊലപാതകക്കേസ് പ്രതിയാണെന്ന കാര്യം ഇന്ത്യയിലെ ജനങ്ങൾ മറന്നുപോകുന്നു. അതാണ് യഥാർത്ഥ സത്യം. സത്യസന്ധതയെക്കുറിച്ചും മാന്യതയെക്കുറിച്ചും സംസാരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട ആളാണ്’ എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.

ഈ പരാമർശത്തിന് പിന്നാലെ, 2018 ആഗസ്റ്റിൽ ബി.ജെ.പി സുൽത്താൻപൂർ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്തു. 2014ൽ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയ വ്യക്തിയെ വീണ്ടും പൊതുമധ്യത്തിൽ കൊലപാതകക്കേസ് പ്രതിയെന്ന് വിളിച്ച് ആക്ഷേപിച്ചത് ബി.ജെ.പിയുടെയും അമിത് ഷായുടെയും പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് മിശ്ര കോടതിയെ സമീപിച്ചത്.

കേസിന്റെ നാൾവഴികൾ

2018 മേയ്: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിൽ അമിത് ഷാക്കെതിരെ രാഹുൽ ഗാന്ധി കേസിനാസ്പദമായ പരാമർശം നടത്തി.

2018 ആഗസ്റ്റ് 4: പരാമർശം അമിത് ഷായെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് വിജയ് മിശ്ര സുൽത്താൻപൂർ സിവിൽ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ അപകീർത്തി ഹരജി ഫയൽ ചെയ്തു.

2023 നവംബർ 27: കേസ് സുൽത്താൻപൂരിലെ പ്രത്യേക എം.പി-എം.എൽ.എ കോടതിയിലേക്ക് മാറ്റുകയും, വിചാരണക്കായി കോടതി രാഹുൽ ഗാന്ധിക്ക് ആദ്യമായി സമൻസ് അയക്കുകയും ചെയ്തു.

2023 ഡിസംബർ 16:കോടതി സമൻസ് അയച്ചിട്ടും രാഹുൽ ഗാന്ധി ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി.

2024 ഫെബ്രുവരി 20: രാഹുൽ ഗാന്ധി സുൽത്താൻപൂർ എം.പി-എം.എൽ.എ കോടതിയിൽ നേരിട്ട് ഹാജരായി. വിചാരണ വേളയിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹത്തിന് 25,000 രൂപയുടെ രണ്ട് ജാമ്യത്തുകകളിൽ കോടതി ജാമ്യം അനുവദിച്ചു.

2024 ജൂലൈ 26: കേസിൽ രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പ്രത്യേക മജിസ്‌ട്രേറ്റ് അദ്ദേഹത്തോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം കോടതിയിൽ മൊഴി നൽകി.

2024 ആഗസ്റ്റ് 12: പരാതിക്കാരനായ വിജയ് മിശ്രയുടെയും സാക്ഷികളുടെയും വിസ്താരവും തെളിവെടുപ്പ് നടപടികളും പൂർത്തിയായി.

2024 ഒക്ടോബർ 1: ഇരുഭാഗത്തിന്റെയും വിശദമായ വാദമുഖങ്ങൾ വിചാരണക്കോടതിയിൽ അവസാനിക്കുകയും കേസ് അന്തിമ വിധി പ്രസ്താവിക്കാനായി മാറ്റുകയും ചെയ്തു.

2026 ഒക്ടോബർ 26: അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശുഭം വർമ്മ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ വിധി പ്രസ്താവിച്ചു. രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി അദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കി വെറുതെവിട്ടു.

സൊഹ്റാബുദ്ദീൻ ശൈഖ് വധക്കേസ്

2005ൽ ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോഴാണ് സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർ ബി, സഹായി തുളസീറാം പ്രജാപതി എന്നിവരെ പൊലീസുകാർ തട്ടിക്കൊണ്ടുപോയത്. തുടർന്ന് അഹ്മദാബാദിന് സമീപം വെച്ച് സൊഹ്റാബുദ്ദീനെയും ദിവസങ്ങൾക്കുശേഷം കൗസർ ബിയെയും വ്യാജ ഏറ്റുമുട്ടലിൽ വധിച്ചു. സംഭവത്തിന് സാക്ഷിയായ തുളസി പ്രജാപതിയും ഒരു വർഷത്തിനുശേഷം സമാനമായ രീതിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ലഷ്ക​റെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകരനായിരുന്നു സൊഹ്റാബുദ്ദീൻ എന്നും, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പൊലീസിന്റെ വാദം. എന്നാൽ ഇതൊരു ആസൂത്രിത വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് ആരോപണം ഉയർന്നു.

കേസ് പിന്നീട് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐക്ക് കൈമാറി. അന്നത്തെ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ആയിരുന്നു ഈ സംഭവത്തിലെ പ്രധാന ആസൂത്രകനെന്ന് ചൂണ്ടിക്കാട്ടി 2010 ജൂലൈയിൽ സി.ബി.ഐ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചു. ഗൂഢാലോചന, കൊലപാതകം, സാക്ഷികളെ സ്വാധീനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ അമിത് ഷാക്കെതിരെ ചുമത്തി. ഇതിനെ തുടർന്ന് അമിത് ഷാ മന്ത്രിസ്ഥാനം രാജിവെക്കുകയും ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലാവുകയും ചെയ്തു. മൂന്ന് മാസത്തെ ജയിൽവാസത്തിന് ശേഷം ആഗസ്റ്റിൽ അദ്ദേഹത്തിന് ഗുജറാത്ത് ഹൈകോടതി ജാമ്യം അനുവദിച്ചു.

പിന്നീട് കേസ് നിഷ്പക്ഷമായി നടത്തുന്നതിനായി സുപ്രീംകോടതി നിർദ്ദേശപ്രകാരം വിചാരണ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റി. 2014 ഡിസംബറിൽ മുംബൈ സി.ബി.ഐ കോടതി കേസിൽ അന്തിമ വിധി പ്രസ്താവിച്ചു. അമിത് ഷാക്കെതിരെ സി.ബി.ഐ ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരുവിധ നിയമപരമായ തെളിവുകളുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കുകയും കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi’s Remarks Against Amit Shah & The Legal Battle
Next Story