മഹാദേവപുരയിൽ മഹാ കള്ളത്തരം; ചേർത്തത് 100,250 വ്യാജ വോട്ടുകൾ -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടർപട്ടികയിൽ നടത്തിയ അട്ടിമറിയുടെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുചോരണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും രഹസ്യധാരണയിൽ നടത്തിയ ഈ പ്രവർത്തനം ക്രിമിനൽ കുറ്റകൃത്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലൊന്നായ മഹാദേവപുര മണ്ഡലത്തിൽ മാത്രം നടത്തിയ പരിശോധനയിൽ ഒരു ലക്ഷത്തിൽപരം (100,250) വ്യാജ വോട്ടുകൾ കണ്ടെത്തിയതിന്റെ തെളിവുകളാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. അഞ്ചു തരത്തിലാണ് വ്യാജ വോട്ടുകൾ കൂട്ടിച്ചേർത്തതെന്നും അതെങ്ങനെയാണെന്നും രാഹുൽ വിശദീകരിച്ചു.
ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ലക്ഷം വ്യാജവോട്ടുകൾ
വ്യാജ വോട്ടുകളിലൂടെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ബി.ജെ.പിക്ക് 1,14,046 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി കോൺഗ്രസിനെ തോൽപിച്ചത് 32,707 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് എന്നതിൽ നിന്നുതന്നെ അട്ടിമറി വ്യക്തമാണെന്ന് രാഹുൽ ഗാന്ധി കണക്കുകൾവെച്ച് സമർഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2024ൽ അധികാരത്തിൽ തുടരാൻ കേവലം 25 സീറ്റുകളായിരുന്നു ബി.ജെ.പിക്ക് ആവശ്യമായിരുന്നതെന്നും 25 ലോക്സഭാ സീറ്റുകളിൽ ബി.ജെ.പി വിജയിച്ചത് 33,000 വോട്ടുകളിലും താഴെ ഭൂരിപക്ഷത്തിനാണെന്നും ഇതോട് ചേർത്തുവായിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
കമീഷൻ പങ്കാളിയായ ക്രിമിനൽ കുറ്റകൃത്യം
ഏറ്റവും വലിയ ക്രിമിനൽ തട്ടിപ്പാണ് രാജ്യമൊട്ടുക്കും കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ നടത്തിയിട്ടുള്ളതെന്നും അതിന്റെ ഒരു മാതൃക മാത്രമാണ് കർണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അധികാരത്തിലുള്ള പാർട്ടിയും കമീഷനും ചേർന്ന് രാജ്യമൊട്ടാകെ നടത്തിയ ക്രിമിനൽ തട്ടിപ്പാണിത്. ഈ തട്ടിപ്പിൽ കമീഷൻ പങ്കാളിയാണ്. അതിലൂടെ രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ നശിപ്പിക്കാൻ സഹായം നൽകുകയാണ് കമീഷൻ. ഈ കുറ്റകൃത്യത്തിന് തങ്ങൾക്കുള്ള തെളിവാണ് സി.സി.ടി.വി ഫൂട്ടേജും വോട്ടർപട്ടികയും. എന്നാൽ, അവ രണ്ടും നശിപ്പിക്കാനുള്ള തിരക്കിലാണ് കമീഷൻ. അതിനാൽ കോടതി നേരിട്ട് ഇടപെടേണ്ട വിഷയമാണിത്. വോട്ടർപട്ടികയുടെ ഡിജിറ്റൽ പകർപ്പ് നൽകാൻ ഇനിയെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണം. അത് നൽകിയില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്ര വഴി കർണാടക
മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സംഖ്യത്തിന്റെ ദയനീയ പരാജയത്തിന് കാരണം മാസങ്ങൾക്കുള്ളിൽ പുതുതായി വന്നുചേർന്ന ഒരുകോടി വോട്ടുകളായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. അത് തെളിയിക്കാൻ തെളിവുകളില്ലായിരുന്നു. അതെങ്ങനെയെങ്കിലും കണ്ടെത്തണമെന്ന അന്വേഷണമാണ് കർണാടകയിലേക്ക് എത്തിച്ചതെന്ന് രാഹുൽ പറഞ്ഞു. കർണാടകയിൽനിന്ന് 16 ലോക്സഭാ സീറ്റുകൾ പ്രതീക്ഷിച്ചിടത്ത് ഒമ്പതെണ്ണം മാത്രമാണ് കോൺഗ്രസിന് കിട്ടിയത്. നഷ്ടപ്പെട്ട ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായ മഹാദേവപുരയിൽ മാത്രം അവിശ്വസനീയമായ തോതിലുള്ള വോട്ടും ഭൂരിപക്ഷവും ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചതായി കണ്ടു.
തുടർന്നാണ് പരിശോധനക്കിറങ്ങുന്നത്. വോട്ടർപട്ടികയുടെ ഡിജിറ്റൽ പകർപ്പ് ലഭിച്ചിരുന്നുവെങ്കിൽ കേവലം 20 സെക്കൻഡ് കൊണ്ട് നടത്താവുന്ന പരിശോധന ആറുമാസം എടുത്തത് കമീഷൻ അത് നൽകാത്തതിനാലാണ്. വ്യാജ വോട്ടുകൾ പുറത്തുകൊണ്ടുവന്നാൽ തങ്ങൾക്കെതിരായ തെളിവാകുമെന്ന് മനസ്സിലാക്കിയാണ് കമീഷൻ ഇത് ചെയ്തതെന്നും രാഹുൽ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.